സന്തോഷ് ട്രോഫി സെമി ഫൈനലിസ്റ്റുകൾ തീരുമാനം ആയി. പഞ്ചാബ്, കർണാടക, സർവീസസ്, മേഘാലയ എന്നിവർ ആകും സെമി ഫൈനൽ കളിക്കാനായി സൗദി അറേബ്യയിലേക്ക് യാത്ര തിരിക്കുക. ഇന്നലെ കേരളം ടൂർണമെന്റിൽ നിന്ന് പുറത്തായിരുന്നു. കേരളത്തിന്റെ ഗ്രൂപ്പിൽ നിന്ന് ആണ് കർണാടകയും പഞ്ചാബും സെമിയിൽ എത്തിയത്. രണ്ടാം ഗ്രൂപ്പിൽ നിന്ന് മേഘാലയയും സർവീസസും ഇന്ന് യോഗ്യത ഉറപ്പിച്ചു. ബംഗാൾ ആണ് ആ ഗ്രൂപ്പിൽ നിന്ന് പുറത്ത് പോയ വമ്പന്മാർ.
റിയാദിൽ കിങ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയം ആകും സെമി ഫൈനലുകൾക്കും ഫൈനലിനും വേദിയാകുക. 76-ാമത് സന്തോഷ് ട്രോഫി ടൂർണമെന്റിന്റെ സെമിയും ഫൈനലും മാർച്ച് 1 മുതൽ 4 വരെ ആകും സൗദി അറേബ്യയിൽ വെച്ച് നടക്കുക. കേരളം യോഗ്യത നേടിയില്ല എന്നത് എ ഐ എഫ് എഫിന്റെ സൗദി പദ്ധതിക്ക് തന്നെ തിരിച്ചടിയാണ്. കേരളം സൗദിയിൽ കളിച്ചിരുന്നു എങ്കിലും സ്റ്റേഡിയത്തിലേക്ക് ആരാധകർ ഒഴുകി എത്തിയേനെ.