കൊച്ചി: പോയ വർഷം കൈവിട്ടുപോയ കിരീടം തിരിച്ചുപിടിക്കുമെന്നും, ആ ലക്ഷ്യം മുൻനിറുത്തിയായിരുന്നു പരിശീലനമെന്നും സന്തോഷ് ട്രോഫി കേരള ടീമിൻ്റെ മുഖ്യ പരിശീലകൻ എം. ഷഫീഖ് ഹസൻ പറഞ്ഞു. അസമിൽ താപനില 15 ഡിഗ്രിയിലും താഴെയാണ്. ഇതിനോട് ചേർന്നുപോകാൻ വയനാട്ടിലടക്കം ക്യാമ്പ് സംഘടിപ്പിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി. മൂവാറ്റുപുഴയിലേതടക്കം കേരളത്തിലെ ഫുട്ബാൾ സ്റ്റേഡിയങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായാൽ കെ.എഫ്.എയുടെ സഹായത്തോടെ ഇവയെല്ലാം മികച്ച സ്റ്റേഡിയങ്ങളാക്കി ഉയർത്താനാകുമെന്ന് ടീം പ്രഖ്യാപന ചടങ്ങിൽ സംസാരിച്ച കേരള ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് നവാസ് മീരാൻ പറഞ്ഞു.

സ്പോൺസർഷിപ്പ് എന്നത് വെറും പണം മുടക്കുക എന്നതല്ല, കേരള ഫുട്ബാളിന് നൽകുന്ന ധാർമിക പിന്തുണയാണെന്നും അദ്ദേഹം പറഞ്ഞു. ചെറുപ്പകാലത്ത് കാൽപന്തുകളിക്കായി കമന്ററി പറഞ്ഞിരുന്നതായും കേരളം പ്രതീക്ഷയോടെ നോക്കിക്കാണുന്ന സന്തോഷ് ട്രോഫി ടീമിനെ സ്പോൺസർ ചെയ്യാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും ടൈറ്റിൽ സ്പോൺസറായ ക്യൂട്ടി ദി ബ്യൂട്ടി സോപ്പ് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ഡോ. കെ.പി. ഖാലിദ് പറഞ്ഞു. മൂന്നര കോടി ജനങ്ങളുടെ പ്രാർത്ഥനയും പിന്തുണയും കേരള ടീമിനുണ്ട്. അസമിൽ കിരീടം ഉയർത്തുമെന്ന തികഞ്ഞ പ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.









