കേരളത്തിന്റെ സന്തോഷ് ട്രോഫി സെമി പ്രതീക്ഷകൾ അവസാനിച്ചു. ഇന്ന് അവസാന മത്സരത്തിൽ പഞ്ചാബിനോട് സമനില വഴങ്ങിയതോടെ കേരളം സെമി കാണാതെ പുറത്തായിരിക്കുകയാണ്. ഇന്ന് കളി 1-1 എന്ന രീതിയിൽ ആണ് അവസാനിച്ചത്.
സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിലെ അവസാന മത്സരത്തിൽ കേരളത്തിന് ഇന്ന് വിജയം നിർബന്ധമായിരുന്നു. ഗ്രൂപ്പിലെ ഏറ്റവും ശക്തരായ പഞ്ചാബിന് എതിരെ കേരള നല്ല രീതിയിൽ ആണ് തുടങ്ങിയത്. 24ആം മിനുട്ടിൽ കേരളം പഞ്ചാബ് ഡിഫൻസ് ഭേദിച്ച് ആദ്യ ഗോൾ നേടി. വിശാഖ് മോഹനിലൂടെ ആണ് കേരളം ലീഡ് എടുത്തത്. ഇത് കേരളത്തിന്റെ സെമി പ്രതീക്ഷ സജീവമാക്കി. എന്നാൽ ആദ്യ പകുതി അവസാനിക്കും മുമ്പ് തന്നെ പഞ്ചാബ് തിരിച്ചടിച്ചു. ആദ്യ പകുതി ഇരു ടീമുകളും 1-1 എന്ന നിലയിൽ അവസാനിച്ചു.
പഞ്ചാബിന് സെമി ഉറപ്പിക്കാൻ സമനില മതിയായിരുന്നു. അതുകൊണ്ട് തന്നെ അവർ ഡിഫൻസിൽ ഊന്നി കളിച്ചു. ആക്രമിച്ചു കളിച്ച കേരളം രണ്ടു തവണ ഗോളിന് അടുത്ത് എത്തി. ഗോൾ ലൈൻ ക്ലിയറൻസും ഗോൾ പോസ്റ്റും എല്ലാം കേരളത്തിന് വില്ലനായി എത്തി. മറുവശത്ത് മിഥുനും നല്ല സേവുകൾ നടത്തി.
ഈ സമനിലയോടെ കേരളം എട്ടു പോയിന്റുമായി മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. പഞ്ചാബും കർണാടകയും ആണ് ഈ ഗ്രൂപ്പിൽ നിന്ന് സെമി ഫൈനൽ യോഗ്യത നേടിയത്. തുടക്കത്തിൽ കർണാടകയോട് തോറ്റതും മഹാരാഷ്ട്രക്ക് എതിരെ സമനില വഴങ്ങിയതും ആണ് കേരളത്തിന് തിരിച്ചടിയായത്. സെമി ഫൈനലും ഫൈനലും സൗദി അറേബ്യയും വെച്ചാകും നടക്കുക.