സന്തോഷ് ട്രോഫിയില്‍ കണ്ണൂര്‍ വാരിയേഴ്‌സ് തിളക്കം

Newsroom

Resizedimage 2026 02 09 15 55 52 1

കണ്ണൂര്‍: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ഫൈനലില്‍ സര്‍വീസസിനോട് കേരളം ഏകപക്ഷീയമായ ഒരു ഗോളിന് പൊരുതി തോറ്റെങ്കിലും കണ്ണൂരിന്റെ അഭിമാനമായി കേരള ടീമില്‍ കണ്ണൂരിന്റെ സ്വന്തം ഫുട്‌ബോള്‍ ക്ലബ് കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയില്‍ നിന്ന് പരിശീലകനും താരങ്ങളും അനലിസ്റ്റുമടക്കം എട്ട് പേര്‍.
കണ്ണൂര്‍ വാരിയേഴ്‌സിന്റെ സഹപരിശീലകന്‍ ഷഫീഖ് ഹസ്സന്‍ സന്തോഷ് ട്രോഫിയില്‍ കേരളത്തിന്റെ മുഖ്യപരിശീലകനായിരുന്നു. തൊട്ടതെല്ലാം പൊന്നാക്കുന്ന ഷഫീഖിന് ആദ്യമായി ആണ് ഫൈനലില്‍ കാലിടറുന്നത്. 2025 ല്‍ 38 ാമത് ദേശീയ ഗെയിംസില്‍ 28 വര്‍ഷത്തിന് ശേഷം കേരളത്തെ സ്വര്‍ണ്ണത്തിലേക്ക് നയിച്ച ഷഫീഖ് ഹസ്സന്‍ അതേ വര്‍ഷം അണ്ടര്‍ 19 വിഭാഗം സാഫ് കപ്പില്‍ കിരീടം നേടിയ ഇന്ത്യന്‍ ടീമിന്റെ സഹപരിശീലകനായി. സൂപ്പര്‍ ലീഗ് കേരളയുടെ രണ്ടാം സീസണില്‍ തൃശൂര്‍ മാജികിനെ പരാജയപ്പെടുത്തി കണ്ണൂര്‍ വാരിയേഴ്‌സ് കന്നികിരീടം നേടുമ്പോള്‍ തന്ത്രങ്ങളുമായി സഹപരിശീലക സ്ഥാനത്തും ഷഫീഖ് ഉണ്ടായിരുന്നു.
ഗോള്‍ കീപ്പറടക്കം ആറ് താരങ്ങള്‍ ടീമില്‍ നിര്‍ണായകമായി. ഗോള്‍ കീപ്പര്‍ അല്‍കേഷ് രാജ് ടി.വി., പ്രതിരോധ താരം സന്ദീപ് എസ്, മധ്യനിര താരങ്ങളായ അര്‍ജുന്‍ എം.എം., ആസിഫ് ഒ.എം., അറ്റാക്കിംങ് താരങ്ങളായ ഷിജിന്‍ ടി, മുഹമ്മദ് സിനാന്‍ എ.പി. എന്നിവരാണ് കേരള ടീമിലെ കണ്ണൂര്‍ വാരിയേഴ്‌സ് താരങ്ങള്‍. ആറ് താരങ്ങളും മത്സരത്തില്‍ കേരളത്തിനായി കളത്തിലിറങ്ങി. സന്ദീപ് എസ്, അര്‍ജുന്‍ എം.എം എന്നിവര്‍ എല്ലാ മത്സരങ്ങളും കേരളത്തിന് വേണ്ടി കളിച്ചു. സന്ദീപ് മൂന്ന് അസിസ്റ്റും സ്വന്തമാക്കി. അല്‍കേഷ് രാജ് രണ്ടും, ആസിഫ് ഒ.എം. ഏഴും, മുഹമ്മദ് സിനാന് ആറും, ഷിജിന്‍ ടി അഞ്ചും മത്സരങ്ങള്‍ കേരളത്തിന് വേണ്ടി കളിച്ചു. ഷിജിന്‍ ഒരു ഗോളും സിനാന്‍ ഒരു അസിസ്റ്റും നേടി. കണ്ണൂര്‍ ജില്ലയില്‍ നിന്ന് സന്തോഷ് ട്രോഫി ടീമില്‍ ഇടംപിടിച്ച ഏക താരവും സൂപ്പര്‍ ലീഗ് കേരളയിലെ എമര്‍ജിംങ് താരമായ മുഹമ്മദ് സിനാനാണ്.
അതോടൊപ്പം എതിരാളിയുടെ തന്ത്രങ്ങള്‍ പഠിച്ച്, സ്വന്തം ടീമിലെ പോരായ്മകള്‍ കണ്ടുപിടിച്ച് ടീമിനെ വിജയങ്ങളില്‍ നിര്‍ണായകമായി കണ്ണൂര്‍ വാരിയേഴ്‌സിന്റെ വീഡിയോ അനലിസ്റ്റ് കിരണ്‍ കെ നാരായണനും ടീം അംഗമാണ്. സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ ചരിത്രത്തിലാദ്യമായി ആണ് കേരള ടീമില്‍ വീഡിയോ അനലിസ്റ്റിനെ ഉള്‍പ്പെടുത്തുന്നത്.