സന്തോഷ് ട്രോഫി ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ട് മത്സരങ്ങൾ നാളെ ആരംഭിക്കും. കോഴിക്കോട് ആണ് ഇത്തവണ ദക്ഷിണമേഖല മത്സരങ്ങൾക്ക് ആതിഥ്യം വഹിക്കുന്നത്. നാളെ ആദ്യ മത്സരത്തിൽ കേരളം ആന്ധ്രാപ്രദേശിനെ ആകും നേരിടുക. കഴിഞ്ഞ വർഷം സന്തോഷ് ട്രോഫിയിൽ ദയനീയ പ്രകടനമായിരുന്നു കേരളം നടത്തിയത്. അതുകൊണ്ട് തന്നെ ഇത്തവണ വളരെ മികച്ച രീതിയിൽ ആണ് കേരളം ഇത്തവണ ഒരുങ്ങിയത്.
ബിനോ ജോർജ്ജ് ഒരു പറ്റം കേരളത്തിലെ മികച്ച യുവതാരങ്ങളെ ഉൾപ്പെടുത്തിയാണ് ഇത്തവണ ടൂർണമെന്റിന് ഒരുങ്ങിയത്. ഐ ലീഗ് ക്ലബുകളോടും ഐ എസ് എൽ ക്ലബുകളോടും ഒക്കെ സൗഹൃദ മത്സരം കളിക്കുകയും ആ ടീമുകൾക്ക് എതിരെ ഒക്കെ മികച്ച പ്രകടനം നടത്താനും കേരളത്തിനായിരുന്നു. ഗോൾ കീപ്പറും കണ്ണൂർ സ്വദേശിയുമായ മിഥുൻ ആണ് സന്തോഷ് ട്രോഫി ടീമിനെ നയിക്കുന്നത്. മുമ്പ് കേരളം സന്തോഷ് ട്രോഫി കിരീടം നേടിയപ്പോൾ ടീമിലെ പ്രധാന താരമായിരുന്നു മിഥുൻ.
കേരള ബ്ലാസ്റ്റേഴ്സിന്റെ യുവ താരങ്ങൾ ആയിരുന്ന ജിതിൻ എം എസ്, ഋഷി ദത്ത്, എന്നിവർ ടീമിൽ ഉണ്ട്. വിഷ്ണു, എമിൽ, തുടങ്ങി ഗോകുലത്തിന്റെ അഞ്ച് താരങ്ങൾ, ചെന്നൈയിന്റെ അജിൻ ടോം, ബെംഗളൂരു എഫ് സിയുടെ ലിയോൺ അഗസ്റ്റിൻ തുടങ്ങി കേരള ഫുട്ബോളിന്റെ ഭാവി ആയേക്കാവുന്ന ഒരുപാട് താരങ്ങൾ ബിനോ ജോർജ്ജിന്റെ 20 അംഗ ടീമിൽ ഉണ്ട്.
രണ്ട് ഗ്രൂപ്പുകളിലായി ഏഴു ടീമുകളാണ് ദക്ഷിണമേഖല മത്സരങ്ങളിൽ കോഴിക്കോട് വെച്ച് മാറ്റുരയ്ക്കുന്നത്. ഗ്രൂപ്പ് എയിൽ തമിഴ്നാടിനും ആന്ധ്രാപ്രദേശിനും ഒപ്പമാണ് കേരളമുള്ളത്. നാളെ വൈകിട്ട് 4 മണിക്കാണ് കേരളത്തിന്റെ ആദ്യ മത്സരം.