ഗ്രൂപ്പ് ബിയില്‍ കര്‍ണാടകയും മണിപ്പൂരൂം നേര്‍ക്കുനേര്‍

Newsroom

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ സെമി ഫൈനല്‍ യോഗ്യതക്കായി കര്‍ണാടകയും മണിപ്പൂരും തമ്മില്‍ ഏറ്റുമുട്ടും. വൈകീട്ട് 4.00 മണിക്ക് മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഗ്രൂപ്പിലെ അവസാന മത്സരം ജയിച്ച് സെമി യോഗ്യത ഉറപ്പിക്കാനാകും മണിപ്പൂരിന്റെ ശ്രമം. നിലവില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവും ഒരു തോല്‍വിയുമായി ആറ് പോയിന്റോടെ ഗ്രൂപ്പ് ബിയില്‍ മണിപ്പൂരാണ് ഒന്നാമത്. രണ്ട് മത്സരങ്ങളില്‍ തോല്‍വി അറിയാതെ ഒരു ജയവും ഒരു സമനിലയുമായി കര്‍ണാടക രണ്ടാം സ്ഥാനത്താണ്.

അധിവേഗ ആക്രമണമാണ് മണിപ്പൂരിന്റെ ശക്തി. എന്നാല്‍ ഫിനിഷിങ്ങിലെ പോരാഴ്മയും മഞ്ഞകാര്‍ഡ് വാങ്ങികൂട്ടുന്നതിലെ മിടുക്കും ടീമിന് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. മൂന്ന് മത്സരങ്ങളില്‍ നിന്ന് അഞ്ച് മഞ്ഞകാര്‍ഡാണ് ടീം വാങ്ങികൂട്ടിയത്. ആതില്‍ നാല് പേര് പ്രതിരോധ നിരക്കാരാണ്. ഒരു മഞ്ഞ കാര്‍ഡ്കൂടെ ലഭിച്ചാല്‍ ഇവര്‍ക്കെല്ലാ അടുത്ത മത്സരത്തില്‍ പുറത്തിരിക്കേണ്ടിവരും. അത് ടീമിന് തലവേദനയാകും. ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ സര്‍വീസസിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത പോരാട്ടവീര്യം പിന്നീടുള്ള മത്സരങ്ങളില്‍ കാണാനായില്ല.
Img 20220419 Wa0094
രണ്ടാം മത്സരത്തില്‍ ഒഡീഷക്കെതിരെ തകര്‍ന്ന പ്രതിരോധം ഗുജറാത്തിനെതിരെ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചു. എന്നാല്‍ അറ്റാകിങില്‍ ടീം പിന്നോട്ടാണ്. ഗുജറാത്തിനെതിരെ നേടിയ രണ്ട് ഗോളില്‍ ഒന്ന് സെല്‍ഫ് ഗോളായിരുന്നു. കര്‍ണാടകയാണെങ്കില്‍ മികച്ച ഫോമിലാണ്. ആദ്യ മത്സരത്തില്‍ ഒഡീഷക്കെതിരെ 3-3 സമനില പിടിച്ച ടീം രണ്ടാം മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ സര്‍വീസസിനെ തകര്‍ത്തു. ആദ്യ പകുതിയുടെ 38 ാം മിനുട്ടില്‍ നേടി ഗോളില്‍ ബാക്കി സമയം പിടിച്ചു നിന്നു. മലയാളി താരം സിജുവിന്റെ നേതൃത്വത്തിലുള്ള പ്രതിരോധ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. നിര്‍ണായക മത്സരത്തില്‍ മണിപ്പൂരിനെ തകര്‍ത്ത് ഏഴ് പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാമത് എത്താനാകും കര്‍ണാടകയുടെ ശ്രമം.

രണ്ടാം മത്സരത്തില്‍ ഒഡീഷ ഗുജറാത്തിനെ നേരിടും. വൈകീട്ട് 8.00 മണിക്ക് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം. കളിച്ച രണ്ട് മത്സരങ്ങളും തോറ്റാണ് ഗുജറാത്തിന്റെ വരവ്. രണ്ട് മത്സരങ്ങളില്‍ നിന്നായി അഞ്ച് ഗോളാണ് ടീം വഴങ്ങിയത്. ഒരു ഗോള്‍ മാത്രമാണ് ടീമിന് തിരിച്ചടിക്കാനായത്. മലയാളി ഗോള്‍കീപ്പര്‍ അജ്മലിന്റെ പ്രകടനം മാത്രമാണ് ടീമില്‍ എടുത്ത് പറയേണ്ട. രണ്ട് മത്സരങ്ങളില്‍ നിന്നായി നിരവധി ഗോളവസരങ്ങളാണ് അജ്മല്‍ രക്ഷപ്പെടുത്തിയത്. പ്രതിരോധം മുതല്‍ അറ്റാക്കിംങ് വരെയുള്ള എല്ലാ ഡിപ്പാര്‍ട്ട്‌മെന്റും മികച്ച പ്രകടനം കാഴ്ച വെച്ചാല്‍ മാത്രമേ ടീമിന് വിജയം നേടാന്‍ സാധിക്കൂം. നിലവില്‍ ടീമിന്റെ സെമി ഫൈനല്‍ യോഗ്യത മങ്ങിയിരിക്കുകയാണ്.

എന്നാല്‍ മറുവശത്തുള്ള ഒഡീഷ ചാമ്പ്യന്‍ഷിപ്പിലെ കറുത്തകുതിരകളാണ്. ആദ്യ മത്സരത്തില്‍ കര്‍ണാടകയോട് 3-3 ന്റെ സമനില രണ്ടാം മത്സരത്തില്‍ കരുത്തരായ മണിപ്പൂരിനോട് ജയം. തോല്‍വി അറിയാതെ മൂന്നേറുന്ന ടീം ഗുജറാത്തിനെ തോല്‍പ്പിച്ച് പോയിന്റ് പട്ടികയില്‍ മുന്നോട്ട് കുതിക്കാനാകും ശ്രമിക്കുക. മികച്ച് അറ്റാക്കിംങും മുന്‍ മുംബൈ സിറ്റി താരം രാകേഷ് ഓറം നയിക്കുന്ന പ്രതിരോധവും ഡബിള്‍ സ്റ്റ്‌റോങാണ്.