സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ മത്സരത്തിന് ഇറങ്ങിയ മേഘാലയക്ക് വിജയതുടക്കം. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് രാജസ്ഥാനെയാണ് മേഘാലയ തോല്‍പ്പിച്ചത്. രാജസ്ഥാന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. ആദ്യ മത്സരത്തില്‍ കേരളത്തോട് എതിരില്ലാത്ത അഞ്ച് ഗോളിന് പരാജയപ്പെട്ടിരുന്നു. മേഘാലയക്ക് വേണ്ടി ഫിഗോ സിന്‍ഡായി ഇരട്ടഗോള്‍ നേടി. ക്യാപ്റ്റന്‍ ഹോര്‍ഡി ക്ലിഫ് നോണ്‍ഗബ്രി ഒരു ഗോള്‍ നേടി. രാജസ്ഥാന് വേണ്ടി യുവരാജ് സിംങ്, ഇമ്രാന്‍ ഖാന്‍ എന്നിവര്‍ ഓരോ ഗോള്‍ വീതവും നേടി.
ആദ്യ പകുതി
കേരളത്തിനെതിരായ ആദ്യ മത്സരത്തിലിറങ്ങിയ ആദ്യ ഇലവനില്‍ മൂന്ന് മാറ്റങ്ങളുമായിയാണ് രാജസ്ഥാന്‍ രണ്ടാം മത്സരത്തിന് ഇറങ്ങിയത്. രണ്ടാം മിനുട്ടില്‍ തന്നെ രാജസ്ഥാന്‍ ലീഡ് എടുത്തു. പകരക്കാരനായി ഇറങ്ങിയ ത്രിലോക്ക് ലോഹര്‍ എറിഞ്ഞ ലോങ് ത്രോ രാജസ്ഥാന്‍ സ്‌ട്രൈക്കര്‍ യുവരാജ് സിങ് ഹെഡറിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു. ഗോള്‍ വഴങ്ങിയതിന് ശേഷം ഉണര്‍ന്നുകളിച്ച മേഘാലയക്ക് 4 ാം മിനുട്ടില്‍ ആദ്യ അവസരമെത്തി. വലതു വിങ്ങില്‍ നിന്ന് നല്‍ക്കിയ ക്രോസ് ഫിഗോ സിന്‍ഡായ് ഹെഡ് ചെയ്‌തെങ്കിലും ഗോള്‍ ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി. 10 ാം മിനുട്ടില്‍ രാജസ്ഥാന് ബോക്‌സിന് പുറത്തു നിന്ന് ഫ്രീകിക്ക് ലഭിച്ചു. അല്‍താഫ് എടുത്ത് ഫ്രികിക്ക് മേഘാലയന്‍ ഗോള്‍ കീപ്പര്‍ തട്ടിഅകറ്റി. 23 ാം മിനുട്ടില്‍ വീണ്ടും രാജസ്ഥാന് അവസരം ലഭിച്ചു. ഇടതു വിങ്ങിലൂടെ ബോക്‌സിലേക്ക് മുന്നേറി ഹിമന്‍ഷു നല്‍ക്കിയ പാസ് ബോക്‌സിന്‍ നിലയുറപ്പിച്ചിരുന്നു ഗൗതം ബിസ്സ ഒരു പ്രതിരോധ താരത്തെ മറികടന്ന് അടിച്ചെങ്കിലും മേഘാലയന്‍ ഗോള്‍ കീപ്പര്‍ മനോഹരമായി തട്ടി അകറ്റി. 25 ാം മിനുട്ടില്‍ വലതു വിങ്ങില്‍ നിന്ന് ഫിഗോ സിന്‍ഡായിയുടെ ഇടംകാലന്‍ മഴവില്‍ ഗോളിലൂടെ മേഘാലയ സമനില പിടിച്ചു. ബോക്‌സിന് പുറത്തു നിന്ന് ഇടതു കാലുകൊണ്ട് പോസ്റ്റിന്റെ കോര്‍ണറിലേക്ക് മനോഹരമായി അടിച്ചു ഗോളാക്കി മാറ്റുകയായിരുന്നു. തുടര്‍ന്നും മേഘാലയക്ക് നിരവധി അവസരം ലഭിച്ചെങ്കിലും ഗോള്‍ നേടാനായില്ല. 39 ാം മിനുട്ടില്‍ മേഘാലയ ലീഡെടുത്തു. പകരക്കാരനായി എത്തിയ ഷാനോ ടാരിങ്ക് ബോക്‌സിലേക്ക് നീട്ടി നല്‍ക്കിയ പാസില്‍ നിന്ന് ലഭിച്ച പന്ത് ഫിഗോ സിന്‍ഡായി അനായാസം സെകന്റ് പോസ്റ്റിലേക്ക് അടിച്ചിടുകയായിരുന്നു. സിന്‍ഡായിയുടെ ചാമ്പ്യന്‍ഷിപ്പിലെ രണ്ടാം ഗോള്‍.
രണ്ടാം പകുതി
56 ാം മിനുട്ടില്‍ രാജസ്ഥാന്‍ സമനില പിടിച്ചു. മേഘാലയന്‍ മധ്യനിരയില്‍ വരുത്തിയ പിഴവില്‍ നിന്ന് വീണു കിട്ടിയ അവസരം ഗൗതം ബിസ്സ ബോക്‌സിന് പുറത്തു നിന്ന് ഗോള്‍പോസ്റ്റ് ലക്ഷ്യമാക്കി അടിച്ചു. ഗോള്‍കീപ്പര്‍ തട്ടിഅകറ്റിയെങ്കിലും ബോക്‌സില്‍ നിലയുറപ്പിച്ചിരുന്ന ഇമ്രാന്‍ ഖാന്‍ ഗോളാക്കി മാറ്റുകയായിരുന്നു. 61 ാം മിനുട്ടില്‍ മേഘാലയന്‍ താരം ഫിഗോ സിന്‍ഡായിക്ക് ഹാഡ്രിക്ക് നേടാന്‍ അവസരം ലഭിച്ചെങ്കിലും രാജസ്ഥാന്‍ ഗോള്‍ കീപ്പര്‍ തട്ടി അകറ്റി. 62 ാം മിനുട്ടില്‍ പകരക്കാരനായി അത്തിയ മേഘാലയന്‍ താരം സ്റ്റീഫന്‍സണ്‍ പെലെയെ ബോക്‌സിനകത്തു നിന്ന് ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി ക്യാപ്റ്റന്‍ ഹോര്‍ഡി ക്ലിഫ് നോണ്‍ഗബ്രി അനായാസം ഗോളാക്കി മാറ്റി.