സന്തോഷ് ട്രോഫി സെമിയിലേക്ക് കർണാടക യോഗ്യത നേടി. ഇന്ന് ഫൈനൽ റൗണ്ടിലെ അവസാന ഗ്രൂപ്പ് പോരാട്ടം അതി നിർണായകമായിരുന്നു. കർണാടകയും പഞ്ചാബും നേർക്കുനേർ. ആതിഥേയരായ പഞ്ചാബിന് വിജയിച്ചാൽ മാത്രമെ സെമിയിൽ കടക്കാൻ ആകുമായിരുന്നുള്ളൂ. കർണാടകയ്ക്ക് ആണെങ്കിൽ തോറ്റാൽ പുറത്ത് ആകുമെന്ന ഭീഷണിയും. ആവേശകരമായ മത്സരം അവസാനിച്ചത് 4-3 എന്ന നിലയിൽ പഞ്ചാബിന് അനുകൂലം.
വിജയം സ്വന്തമാക്കിയ പഞ്ചാബ് 9 പോയന്റുമായി ഗ്രൂപ്പ് ബി ചാമ്പ്യന്മാർ. കർണാടകയ്ക്കും മഹാരാഷ്ട്രയ്ക്കും 7 വീതം പോയന്റ്. ഹെഡ് ഹെഡിൽ ഇരുവരും സമനിലയിൽ ആയതിനാൽ ഗോൾ ഡിഫറൻസ് നോക്കി. ഇരു ടീമുകൾക്കും +5. അതും കഴിഞ്ഞ് ആര് സെമിയിൽ എത്തുമെന്ന് അറിയാൻ കൂടുതൽ ഗോൾ അടിച്ചതാരെന്ന് നോക്കി. 12 ഗോളുകൾ അടിച്ച് കർണാടക, 11 ഗോളടിച്ച് മഹാരാഷ്ട്ര. ആ ഒരൊറ്റ ഗോളിന്റെ ബലത്തിൽ രണ്ടാം സ്ഥാനം സ്വന്തമാക്കി കർണാടക സെമിയിലും മഹാരാഷ്ട്ര പുറത്തും.
19ആം തീയതി നടക്കുന്ന സെമിയിൽ സർവീസസ് കർണാടകയെയും, ഗോവ പഞ്ചാവിനെയും നേരിടും.