Picsart 24 03 20 19 08 59 624

സഹൽ അബ്ദുൽ സമദിന് പരിക്ക്, അഫ്ഗാനെതിരെ കളിക്കില്ല

ഫിഫ ലോകകപ്പ് 2026, എഎഫ്‌സി ഏഷ്യൻ കപ്പ് 2027 എന്നിവയുടെ യോഗ്യതാ റൗണ്ട് 2 പോരാട്ടത്തിൽ അഫ്ഗാനിസ്താനെ നേരിടാൻ ഒരുങ്ങുന്ന ഇന്ത്യൻ ടീമിന് തിരിച്ചടി. സഹൽ അബ്ദുൽ സമദ് ഈ മത്സരത്തിൽ കളിക്കില്ല. താരത്തിന് പരിക്കേറ്റതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹാംസ്ട്രിങ് ഇഞ്ച്വറിയാണ്. സഹൽ ഇന്ത്യൻ ടീമിനൊപ്പം സൗദിയിലേക്ക് യാത്ര ചെയ്തിരുന്നു.

സഹൽ ആയിരുന്നു ടീമിൽ ഉണ്ടായിരുന്ന ഏക മലയാളി താരം. മാർച്ച് 21 ന് അബഹയിൽ (മാർച്ച് 22, 12.30 AM IST) വെച്ചാണ് മത്സരം. മാർച്ച് 26 ന് ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തിലാണ് അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയുടെ ഹോം മത്സരം. അതിനു മുമ്പ് സഹൽ ഫിറ്റ്നസ് വീണ്ടെടുക്കുമോ എന്നത് വ്യക്തമല്ല.

യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് എയിൽ ഇന്ത്യക്ക് നിലവിൽ മൂന്ന് പോയിൻ്റാണ് ഉള്ളത്‌. കുവൈത്ത് സിറ്റിയിൽ കുവൈത്തിനെ (1-0) തോൽപ്പിച്ച ഇന്ത്യ മറ്റൊരു മത്സരത്തിൽ ഖത്തറിനോട് (0-3) ഭുവനേശ്വറിൽ തോറ്റിരുന്നു. നിലവിൽ ആറ് പോയിൻ്റുമായി ഖത്തറാണ് ഗ്രൂപ്പിൽ മുന്നിൽ.

Exit mobile version