ഹീറോ ഇന്റർകോണ്ടിനെന്റൽ കപ്പ് നേടിയ ഇന്ത്യ ഇന്ന് അവരുടെ സാഫ് കപ്പ് യാത്ര ആരംഭിക്കും. ഇന്ന് വൈകുന്നേരം 7:30ന് ബംഗളൂരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ പാകിസ്ഥാനെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇന്ത്യ ഗ്രൂപ്പ് എയിൽ ആണ് കളിക്കുന്നത്. ഇന്ന് ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3:30 ന് ഗ്രൂപ്പ് എയിൽ നേപ്പാളും കുവൈത്തും ഏറ്റുമുട്ടും.
ലെബനൻ, ബംഗ്ലാദേശ്, മാലിദ്വീപ്, ഭൂട്ടാൻ എന്നിവരടങ്ങുന്ന ഗ്രൂപ്പ് ബിയിലെ മത്സരങ്ങൾ ജൂൺ 22ന് ആണ് ആരംഭിക്കുക. SAFF ചാമ്പ്യൻഷിപ്പ് DD സ്പോർട്സിൽ തത്സമയം സംപ്രേക്ഷണം ഉണ്ടാകും. ഫാൻകോഡ് ആപ്പ് വഴിയും കളി കാണാം.
2021ൽ മാലിദ്വീപിൽ നേടിയ കിരീടം നിലനിർത്താൻ ആകും ഇന്ത്യ ശ്രമിക്കുക. എട്ട് തവണ സാഫ് കിരീടം ഉയർത്താൻ ഇന്ത്യക്ക് ആയിട്ടുണ്ട്. ഇന്ത്യയിൽ നാലാം തവണയാണ് സാഫ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്, കഴിഞ്ഞ മൂന്ന് തവണ നടന്നപ്പോഴും ഇന്ത്യ ആയിരുന്നു കിരീടം നേടിയത്. അതിഥി ടീമുകളായ കുവൈറ്റ്, ലെബനൻ എന്നിവയെ ഉൾപ്പെടുത്തിയതിനാൽ ഇന്ത്യക്ക് പതിവിനേക്കാൾ കടുപ്പമാകും ഇത്തവണത്തെ ടൂർണമെന്റ്.