അണ്ടർ 19 വനിതാ സാഫ് കപ്പിൽ ഇന്ത്യയെയും ബംഗ്ലാദേശിനെയും സംയുക്ത ചാമ്പ്യന്മാരായി പ്രഖ്യാപിച്ചു. വിവാദ തീരുമാനങ്ങളാൽ ഫൈനലിന്റെ അന്ത്യം ആരും ആഗ്രഹിക്കാത്ത സാഹചര്യങ്ങളിലാണ് എത്തിച്ചേർന്നത്. ഇന്ന് ഫൈനലിൽ നിശ്ചിത സമയത്ത് 1-1 എന്നായിരുന്നു സ്കോർ. മത്സരം ആരംഭിച്ച് എട്ടാം മിനുട്ടിൽ തന്നെ ഇന്ത്യ ഇന്ന് ലീഡ് എടുത്തു. സബാനി ആണ് ഇന്ത്യക്ക് ലീഡ് നൽകിയത്. ആദ്യ പകുതി ഇന്ത്യ 1-0ന്റെ ലീഡിൽ അവസാനിപ്പിച്ചു.
രണ്ടാം പകുതിയിൽ കളിയുടെ അവസാന നിമിഷമാണ് ബംഗ്ലാദേശ് സമനില ഗോൾ നേടിയത്. തുടർന്ന് കളി പെനാൾട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഷൂട്ടൗട്ടിൽ ഇന്ത്യയും ബംഗ്ലാദേശും ആദ്യ 11 കിക്കുകളും ലക്ഷ്യത്തിൽ എത്തിച്ചു. തുടർന്നു കളി ടൈ ബ്രേക്കറിൽ മുന്നോട്ട് പോകേണ്ടതായിരുന്നു. എന്നാൽ അതിൽ നിന്ന് വിപരീതമായി എല്ലവരെയും ഞെട്ടിച്ചു കൊണ്ട് ടോസ് ചെയ്യാൻ അധികൃതർ തീരുമാനിച്ചു.
ടോസിൽ ഇന്ത്യ ജയിച്ചു എങ്കിലും ഇത് നിയമത്തിൽ ഇല്ലാത്ത കാര്യമാണെന്ന് ബംഗ്ലാദേശ് പ്രതിഷേധിച്ചു. കാര്യങ്ങൾ കൈവിട്ടതോടെ അവസാനം ഇരു ടീമുകളെയും സംയുക്ത ചാമ്പ്യൻസ് ആക്കി പ്രഖ്യാപിച്ച് കളി അവസാനിപ്പിച്ചു.