സാഫ് കപ്പ്, ആദ്യ മത്സരത്തിൽ കുവൈറ്റ് നേപ്പാളിനെ തകർത്തു

Newsroom

ബെംഗളൂരുവിൽ നടക്കുന്ന സാഫ് കപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ കുവൈറ്റിന് വിജയം. നേപ്പാളിനെ നേരിട്ട കുവൈറ്റ് ഒന്നിനെതിരെ മൂന്നു ഗോളിന്റെ വലിയ വിജയം തന്നെ ഇന്ന് നേടി. പ്രത്യേക ക്ഷണം സ്വീകരിച്ചാണ് കുവൈറ്റ് സാഫ് കപ്പിൽ ഇത്തവണ പങ്കെടുക്കുന്നത്. മത്സരത്തിന്റെ 23ആം മിനുട്ടിൽ ഖാലിദ് ഹജിയയിലൂടെ കുവൈറ്റ് ലീഡ് എടുത്തു.

Picsart 23 06 21 17 31 49 132

ആദ്യ പകുതി അവസാനിക്കും മുമ്പ് അൽ ഖാൽദിയിലൂടെ കുവൈറ്റ് ലീഡ് ഇരട്ടിയാക്കി. ഒരു പെനാൾട്ടിയിലൂടെ രണ്ടാം പകുതിയിൽ 65ആം മിനുട്ടിൽ ദഹാമും കൂടെ കുവൈറ്റിനായി ഗോൾനേടിയതോടെ കളി നേപ്പാളിൽ നിന്നും പൂർണ്ണമായും അകന്നു.

ബിസ്റ്റയിലൂടെ നേപ്പാൾ ഒരു ഗോൾ മടക്കി എങ്കിലും അത് ആശ്വാസ ഗോളായി മാത്രം മാറി. നേപ്പാൾ അടുത്ത മത്സരത്തിൽ ഇന്ത്യയെയും കുവൈറ്റ് അവരുടെ അടുത്ത മത്സരത്തിൽ പാകിസ്താനെയും ആണ് നേരിടേണ്ടത്.