ഇന്ന് സാഫ് കപ്പ് ഫൈനൽ, ഇന്ത്യക്ക് കിരീടം വേണം

20211016 122813

സാഫ് കപ്പ് ഫൈനലിൽ കിരീടം തേടി കൊണ്ട് ഇന്ത്യ ഇന്ന് ഇറങ്ങും. ഇന്ന് രാത്രി മാൽഡീവ്സിൽ നടക്കുന്ന ഫൈനലിൽ നേപ്പാളിനെ ആണ് ഇന്ത്യ നേരിടേണ്ടത്. സ്റ്റിമാചിന്റെ കീഴിലെ ആദ്യ കിരീടമാണ് ഇന്ന് ഇന്ത്യ ലക്ഷ്യമിടുന്നത്. സ്റ്റിമാചിന് ഇന്ത്യൻ പരിശീലകനായി തുടരാൻ ഇന്ന് കിരീടം അത്യാവശ്യമാണ്. അവസാന രണ്ടു മത്സരങ്ങളിൽ നടത്തിയ പ്രകടനമാണ് ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ നേപ്പാളിനെ നേരിട്ടപ്പോൾ ഇന്ത്യക്ക് വിജയം നേടാൻ ആയിരുന്നു. അതു കഴിഞ്ഞ് മാൽഡീവ്സിനെതിരെ വലിയ വിജയം നേടാനും ഇന്ത്യക്ക് ആയി.

ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ മികച്ച ഫോമാണ് ഇന്ത്യയുടെ കരുത്ത്. ഈ ടൂർണമെന്റിൽ ഇന്ത്യ നേടിയ 5 ഗോളുകളിൽ നാലും ഛേത്രിയാണ് നേടിയത്. പരിക്കേറ്റ ഫറൂഖും കഴിഞ്ഞ മത്സരത്തിൽ സസ്പെൻഷൻ കിട്ടിയ സുഭാഷിഷ് ബോസും ഇന്ന് ഇന്ത്യക്ക് ഒപ്പം ഉണ്ടാകില്ല. ഇതിനു മുമ്പ് ഏഴ് തവണ കിരീടം തേടിയിട്ടുള്ള ഇന്ത്യ തന്നെയാണ് ഏറ്റവും കൂടുതൽ സാഫ് കപ്പ് നേടിയിട്ടുള്ള രാജ്യം. 2015ൽ ആണ് ഇന്ത്യ അവസാനം സാഫ് കിരീടം നേടിയത്. നേപ്പാൾ തങ്ങളുടെ ആദ്യ കിരീടമാണ് ലക്ഷ്യമിടുന്നത്.

ഇന്ന് രാത്രി 8.30ന് നടക്കുന്ന മത്സരം യൂറോ സ്പോർടിലും ജിയോ ടിവിയിലും തത്സമയം കാണാം.

Previous articleറുതുരാജിനെ വാനോളം പുകഴ്ത്തി സഹ താരങ്ങള്‍
Next articleപ്രീസീസൺ മത്സരത്തിൽ വീണ്ടും ഈസ്റ്റ് ബംഗാളിന് വിജയം