മാർക്കസ് റാഷ്‌ഫോർഡിനെ ടീമിൽ നിന്ന് തുടർച്ചയായി ഒഴിവാക്കുന്നതിനെ ന്യായീകരിച്ച് കടുത്ത പരാമർശവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ റൂബൻ അമോറിം. പരിശീലനത്തിൽ റാഷ്ഫോർഡിന്റെ മോശം പ്രകടനവും ടീമിനോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയുടെ അഭാവവും ആണ് താരം പുറത്തിരിക്കാൻ കാരണം എന്ന് അമോറിം ഊന്നിപ്പറഞ്ഞു.
“കാര്യങ്ങൾ മാറിയില്ലെങ്കിൽ, ഞാൻ മാറില്ല” എന്ന് അദ്ദേഹം പറഞ്ഞു. റാഷ്‌ഫോർഡിന്റെ ടീമിലേക്കുള്ള തിരിച്ചുവരവ് അദ്ദേഹത്തിന്റെ പരിശ്രമത്തിനെയും സമർപ്പണത്തെയും ആശ്രയിച്ചിരിക്കുന്നുവെന്ന് അമോറിം പറഞ്ഞു.
“എല്ലാ ദിവസവും പരമാവധി ടീമിനായി നൽകാത്ത ഒരു കളിക്കാരനെ ഞാൻ കളിപ്പിക്കില്ല. അതിനു മുമ്പ് ഞാൻ ഗോൾ കീപ്പിംഗ് കോച്ച് വൈറ്റലിനെ കളിപ്പിക്കും. ആ നിലപാടിൽ നിന്ന് ഞാൻ മാറില്ല.” – അമോറിം പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അവസാന 11 മത്സരങ്ങളിൽ റാഷ്‌ഫോർഡ് പങ്കെടുത്തിട്ടില്ല, ക്ലബ്ബിലെ അദ്ദേഹത്തിന്റെ ഭാവി അനിശ്ചിതത്വത്തിൽ തുടരുകയാണ്.