ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസറിൽ തുടരും!

Newsroom

Ronaldo Portugal


റിയാദ്: ലോക ഫുട്ബോളിലെ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബ്ബായ അൽ നസറിൽ തൻ്റെ കളി തുടരുമെന്ന് സ്ഥിരീകരിച്ചു. “എൻ്റെ ഭാവി? അടിസ്ഥാനപരമായി ഒന്നും മാറാൻ പോകുന്നില്ല. അൽ നസറിൽ തുടരുമോ? അതെ,” റൊണാൾഡോ മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. ഇതോടെ ക്ലബ് ലോകകപ്പിൽ പങ്കെടുക്കാൻ മറ്റു ക്ലബുകളിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കും വിരാമമായി.

Ronaldo


അൽ നസറുമായുള്ള റൊണാൾഡോയുടെ കരാർ അവസാനിക്കാനിരിക്കെ, താരം ക്ലബ്ബ് വിടുമെന്ന് വ്യാപകമായ റിപ്പോർട്ടുകൾ വന്നിരുന്നു. സൗദി പ്രോ ലീഗ് സീസൺ അവസാനിച്ചതിന് പിന്നാലെ തൻ്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ “ഈ അധ്യായം അവസാനിച്ചു. കഥ ഇനിയും തുടരും. എല്ലാവർക്കും നന്ദി” എന്ന് കുറിച്ചത് ഈ അഭ്യൂഹങ്ങൾക്ക് ശക്തി പകർന്നു.


എന്നാൽ, പുതിയ റിപ്പോർട്ടുകൾ അനുസരിച്ച്, റൊണാൾഡോ അൽ നസറുമായി പുതിയ കരാറിൽ ഒപ്പുവെക്കുമെന്നാണ് സൂചന. 2027 വരെ ക്ലബ്ബിൽ തുടരാൻ റൊണാൾഡോ ധാരണയിലെത്തിയെന്നും ഒരു വർഷം കൂടി കരാർ നീട്ടാനുള്ള വ്യവസ്ഥ പുതിയ ഡീലിലുണ്ടെന്നും വിവരമുണ്ട്.
ക്ലബ് ലോകകപ്പിൽ കളിക്കുന്നതിനായി അൽ ഹിലാൽ ഉൾപ്പെടെയുള്ള ക്ലബ്ബുകളിൽ നിന്ന് റൊണാൾഡോയ്ക്ക് ഓഫറുകൾ ലഭിച്ചിരുന്നു. എന്നാൽ ക്ലബ് ലോകകപ്പിൽ കളിക്കില്ലെന്ന് റൊണാൾഡോ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. “ക്ലബ് ലോകകപ്പിൽ ഞാൻ ഉണ്ടാകില്ല,” റൊണാൾഡോ പറഞ്ഞിരുന്നു.


സൗദി പ്രോ ലീഗിൽ അൽ നസറിനായി മികച്ച പ്രകടനം കാഴ്ചവെച്ച റൊണാൾഡോ, 35 ഗോളുകളുമായി ലീഗിലെ ടോപ് സ്കോററായിരുന്നു.