കഴിഞ്ഞ ജനുവരിയിൽ സൗദി അറേബ്യയിൽ എത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോ അന്ന് പറഞ്ഞ ഒരു വാക്കുണ്ടായിരുന്നു. സൗദി ലീഗ് താമസിയാതെ ലോകത്തെ മികച്ച നാലാമത്തെ ലീഗായെങ്കിലും മാറും എന്ന്. അതായാത് പ്രീമിയർ ലീഗ്, ലാലിഗ, സീരി എ എന്നീ ലീഗുകൾക്ക് ഒപ്പം സൗദി പ്രൊ ലീഗ് എത്തും എന്ന്. അന്ന് എല്ലാവരും റൊണാൾഡോയെ പരിഹസിച്ചു. വെറും തള്ളാണെന്ന ആധുനിക കാലത്തെ ട്രോളുകൾ റൊണാൾഡോയിലേക്ക് എത്തി.
എന്നാൽ ഇന്ന് ഏവരും സൈദി ലീഗിലേക്ക് ഉറ്റു നോക്കുകയാണ്. റൊണാൾഡോ പറഞ്ഞ ആറ് ഏഴ് വർഷങ്ങൾ കഴിഞ്ഞില്ല. ആറ് ഏഴ് മാസങ്ങൾ കൊണ്ട് തന്നെ സൗദി പ്രൊ ലീഗ് ആയി ഫുട്ബോൾ ലോകത്തെ സംസാര വിഷയം. ട്രാൻസ്ഫർ വിൻഡോയിൽ എല്ലാ വലിയ താരങ്ങൾക്ക് പിറകെയും ഉള്ളത് സൗദി പ്രൊ ലീഗ് ക്ലബുകൾ ആണ്. മറ്റു ലീഗുകൾ പോലെ ടോപിൽ നിൽക്കുന്ന രണ്ടോ മൂന്നോ ക്ലബുകൾ അല്ല സൗദിയിൽ വലിയ നീക്കങ്ങൾ നടത്തുന്നത്. സൗദി ഗവണ്മെന്റിന്റെ പിന്തുണയോടെ ഒരോ ക്ലബും ലോക നിലവാരത്തിലേക്ക് ഉയരാൻ പോവുകയാണ്.
ബെൻസീമ ഇതിനകം തന്നെ സൗദിയിൽ എത്തി കഴിഞ്ഞു. ഇനി പിറകെ കാന്റെ വരും, സാഞ്ചെസ് വരും.. ഇവരിൽ ഒതുങ്ങില്ല. ട്രാൻസ്ഫർ വിൻഡോ തുറക്കാൻ പോകുന്നേ ഉള്ളൂ. സൗദി പ്രൊ ലീഗ് ഏഷ്യൻ ഫുട്ബോളിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന കാലത്തിലേക്ക് ആകും നമ്മൾ പോകുന്നത്.
താൻ സൗദി അറേബ്യൻ ലീഗ് കണ്ട് താൻ അത്ഭുതപ്പെട്ടു എന്നായിരുന്നു റൊണാൾഡോ അന്ന് പറഞ്ഞത്. “5,6,7 വർഷത്തിനുള്ളിൽ, അവർ ഈ പദ്ധതിയിൽ തുടർന്നാൽ, സൗദി ലീഗ് ലോകത്തിലെ നാലാമത്തെയോ അഞ്ചാമത്തെയോ മികച്ച ലീഗായിരിക്കും.” ഈ റൊണാൾഡോ വാക്കുകൾ സൗദി ലീഗിന്റെ ഉയർച്ചയിലെ ഒരോ പടിയിലും ആവർത്തിക്കപ്പെട്ടേക്കും.