ക്രിസ്റ്റ്യാനോ റൊണാൾഡോ യൂറോ കപ്പ് 2024ന് തയ്യാർ. ഇന്ന് യൂറോ കപ്പിനു മുന്നോടിയായി നടന്ന അവസാന സന്നാഹ മത്സരത്തിൽ റൊണാൾഡോയുടെ മികവിൽ പോർച്ചുഗൽ അയർലണ്ടിനെ തോൽപ്പിച്ചു. എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ആയിരുന്നു പോർച്ചുഗലിന്റെ വിജയം. രണ്ടു ഗോളുകളുമായി റൊണാൾഡോ തന്നെ പോർച്ചുഗലിന്റെ ഹീറോ ആയി.
ഇന്ന് മത്സരത്തിന്റെ 18ആം മിനുട്ടിൽ ജാവോ ഫെലിക്സിന്റെ ഗോളിലൂടെ ആണ് പോർച്ചുഗൽ ലീഡ് എടുത്തത്. റൊണാൾഡോയുടെ ഗോളുകൾ രണ്ടാം പകുതിയിൽ ആണ് വന്നത്. 50ആം മിനുട്ടിൽ റൂബൻ നെവസ് നൽകിയ അസിസ്റ്റിൽ നിന്നായിരുന്നു റൊണാൾഡോയുടെ ആദ്യ ഗോൾ. ഇടം കാലുകൊണ്ടുള്ള റൊണാൾഡോയുടെ സ്ട്രൈക്ക് സ്റ്റേഡിയത്തെ മുഴുവൻ ആവേശത്തിലാക്കി.
60ആം മിനുട്ടിൽ റൊണാൾഡോ വീണ്ടും ഗോൾ നേടി. ഇത്തവണ അസിസ്റ്റ് ഒരുക്കിയത് ജോട ആയിരുന്നു. ഈ ഗോളുകളോടെ റൊണാൾഡോ അന്താരാഷ്ട്ര ഫുട്ബോളിൽ 130 ഗോളുകളിൽ എത്തി. ഇനി പോർച്ചുഗലിന് യൂറോ കപ്പിൽ ആണ് മത്സരം. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ പോർച്ചുഗൽ ജൂൺ 18ന് ചെക്ക് റിപ്പബ്ലികിനെ ആകും നേരിടുക.