ചരിത്രത്തിൽ തൊടാൻ റൊണാൾഡോക്ക് ഇനി 5 ഗോളുകൾ മാത്രം

അന്തരാഷ്ട്ര ഫുട്ബോളിൽ ചരിത്രം എഴുതാൻ റൊണാൾഡോക്ക് ഇനി 5 ഗോളുകൾ മാത്രം മതി. ഇന്നലെ ഇസ്രായേലിന് എതിരായ മത്സരത്തിൽ നേടിയ ഗോളോടെ രാജ്യത്തിന് വേണ്ടി റൊണാൾഡോ നേടിയ ഗോളുകൾ 104 ആയി. ഇന്റർനാഷണൽ ഗോളുകളുടെ കാര്യത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്ത് നിൽക്കുന്ന റൊണാൾഡോയ്ക്ക് ഒന്നാമതാകാൻ ഇനി ആകെ വേണ്ടത് അഞ്ചു ഗോളുകൾ ആണ്. യൂറോ കപ്പിൽ തന്നെ ആ അഞ്ചു ഗോളുകൾ നേടി ഇതിഹാസം രചിക്കുക ആകും റൊണാൾഡോയുടെ ലക്ഷ്യം.

ഗോളടിയിൽ റൊണാൾഡോക്ക് മുന്നിൽ ഉള്ളത് ഇറാൻ ഇതിഹാസം അലി ദെയാണ്. അലി 109 ഗോളുകളാണ് ഇറാനായി നേടിയിട്ടുള്ളത്. റൊണാൾഡോ 175 മത്സരങ്ങളിൽ നിന്നാണ് ഈ 104 ഗോൾ നോട്ടത്തിൽ എത്തിയത് . യൂറോ കപ്പിൽ ഹംഗറി, ജർമ്മനി, ഫ്രാൻസ് എന്നീ ടീമുകളെ ആണ് റൊണാൾഡോക്ക് ഗ്രൂപ്പ് ഘട്ടത്തിൽ നേരിടാൻ ഉള്ളത്. മത്സരങ്ങൾ കടുപ്പം ആണെങ്കിലും റൊണാൾഡോയുടെ ലക്ഷ്യം ഈ റെക്കോർഡ് കൂടെ തന്റെ പേരിലാക്കുക എന്നതാകും.