മാഞ്ചസ്റ്റർ യുണൈറ്റഡിലെ അവഗണന സഹിക്കാൻ കഴിയാതെ ക്ലബ് വിട്ട ഗോൾ കീപ്പർ സെർജിയോ റൊമേരോ അവസാനം പുതിയ ക്ലബ് കണ്ടെത്തി. താരത്തെ സീരി എ ക്ലബായ വെനിസിയ ആകും സ്വന്തമാക്കുക. മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടത് മുതൽ ഫ്രീ ഏജന്റാണ് ഈ അർജന്റീനൻ താരം. ഒന്നര വർഷത്തോളമായി ഫുട്ബോൾ കളിക്കാൻ റൊമേരോക്ക് അവസരം ലഭിച്ചിട്ടില്ല. സീരി എയിലൂടെ റൊമേരോ തിരിച്ചുവരുന്നത് കാണാൻ ആണ് ഫുട്ബോൾ പ്രേമികൾ ആഗ്രഹിക്കുന്നത്.
കഴിഞ്ഞ സീസണിൽ തന്നെ ക്ലബ് വിടാൻ ആഗ്രഹിച്ച റൊമേരോയെ മാഞ്ചസ്റ്റർ യുണൈറ്റഡ് റിലീസ് ചെയ്യുകയോ ക്ലബ് വിടാൻ വന്ന ഓഫർ സ്വീകരിക്കുകയോ ചെയ്തിരുന്നില്ല. അതുകൊണ്ട് തന്നെ ഒരു സീസൺ മുഴുവൻ റൊമേരോ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിന്റെ ഭാഗത്ത് തന്നെ ഇല്ലായിരുന്നു. നാലാം ഗോൾ കീപ്പറായി മാറിയ താരം മാച്ച് സ്ക്വാഡിൽ പോലും വന്നിരുന്നില്ല. മാഞ്ചസ്റ്റർ യുണൈറ്റഡിന് വലിയ സംഭാവനകൾ നൽകിയ താരത്തിന് താരം അർഹിച്ച പരിഗണന ക്ലബിൽ ലഭിച്ചില്ല എന്നത് ആരാധകരെയും വേദനിപ്പിച്ചിരുന്നു.
2015 മുതൽ റൊമേരോ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഉണ്ടായിരുന്നു. യുണൈറ്റഡ് യൂറോപ്പ ലീഗ് കിരീടം നേടിയ സീസണിൽ യൂറോപ്പ ലീഗിലെ മുഴുവൻ മത്സരങ്ങളിലും റൊമേരോ ആയിരുന്നു വല കാത്തിരുന്നത്. അർജന്റീനയുടെയും ഗോൾ കീപ്പറായ റൊമേരോ ദേശീയ ടീമിനായി 96 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.