സീരി എയിൽ ആദ്യ നാല് സ്ഥാനങ്ങൾ നേടാനുള്ള റോമയുടെ ആഗ്രഹങ്ങൾക്ക് തിരിച്ചടിയേറ്റു. ഇന്ന് ഫിയൊറെന്റിനയെ നേരിട്ട റോമ 2-1 എന്ന സ്കോറിന്റെ പരാജയം ആണ് ഏറ്റുവാങ്ങിയത്. ഒരു ഗോളിന് മുന്നിട്ടു നിന്ന ശേഷമായിരുന്നു ജോസെയുടെ ടീമിന്റെ തോൽവി.
11-ാം മിനിറ്റിൽ എൽ ഷെറാവിയുടെ ഗോളിൽ റോമ ആണ് ലീഡ് എടുത്തത്. 84 മിനുട്ട് വരെ റോമ ഈ ലീഡിൽ തുടർന്നു. 85-ാം മിനിറ്റിൽ ലൂക്കാ ജോവിച്ച് ഒരു നിർണായക ഗോളിലൂടെ ഫിയൊറെന്റിനക്ക് സമനില നൽകി. 88-ാം മിനിറ്റിൽ ജോനാഥൻ ഐക്കോണിന്റെ ഗോൾ അവർക്ക് വിജയവും നൽകി.
ഈ തോൽവിയോടെ, റോമ ഇപ്പോൾ സീരി എ ടേബിളിൽ 60 പോയിന്റുമായി ആറാം സ്ഥാനത്തെത്തി. ലീഗിൽ ഒരു മത്സരം മാത്രം ബാക്കി നിൽക്കെ, ആദ്യ നാല് സ്ഥാനവും ചാമ്പ്യൻസ് ലീഗ് യോഗ്യതയും നേടാമെന്ന അവരുടെ പ്രതീക്ഷകൾ അസ്തമിച്ചു.
എന്നിരുന്നാലും, റോമയ്‌ക്ക് വേറെ വഴിയുണ്ട്. സെവിയ്യയ്‌ക്കെതിരായ വരാനിരിക്കുന്ന യൂറോപ്പ ലീഗ് ഫൈനലിൽ വിജയിച്ച് കിരീടം നേടിയാൽ റോമ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടും.