ടോട്ടൻഹാം മിഡ്ഫീൽഡർ റോഡ്രിഗോ ബെൻ്റാൻകൂറിനെ ഏഴ് ആഭ്യന്തര മത്സരങ്ങളിൽ നിന്ന് വിലക്ക്. സഹതാരം സോൺ ഹ്യൂങ്-മിനിനെക്കുറിച്ച് വംശീയ അധിക്ഷേപം ഉൾപ്പെടുന്ന പരാമർശം നടത്തിയതിന് ആണ് ഫുട്ബോൾ അസോസിയേഷൻ നടപടിയെടുത്തത്. വിലക്കിന് ഒപ്പം 100,000 പൗണ്ട് പിഴയും ചുമത്തി.

ജൂണിൽ ഉറുഗ്വേയിൽ നടന്ന ഒരു ടെലിവിഷൻ അഭിമുഖത്തിനിടെയാണ് സംഭവം നടന്നത്, ടോട്ടൻഹാം ജേഴ്സിക്കായി ഒരു അവതാരകൻ ചോദിച്ചപ്പോൾ ബെൻ്റാൻകൂർ ആക്ഷേപകരമായ മറുപടി നൽകുകയായിരുന്നു.
മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, ചെൽസി എന്നിവയ്‌ക്കെതിരായ പ്രധാന പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ സ്പർസ് ലീഗ് കപ്പ് ക്വാർട്ടർ ഫൈനലിൽ നിന്നും വിലക്ക് അദ്ദേഹത്തെ പുറത്തിരുത്തുന്നു. എന്നിരുന്നാലും യൂറോപ്പ ലീഗ് ഗെയിമുകൾ അദ്ദേഹത്തിന് കളിക്കാം.