സ്പാനിഷ് പരിശീലകൻ ആൽബർട്ട് റോക ഇനി ചൈനയെ പരിശീലിപ്പിക്കും. ടോക്കിയോ ഒളിമ്പിക്സിനായി ഒരുങ്ങുന്ന ചൈനയുടെ അണ്ടർ 23 ടീമിന്റെ ചുമതലയാണ് ആൽബേർട്ട് റോക്ക ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞ സീസൺ അവസാനാം ബെംഗളൂരു എഫ് സി ക്ലബ് വിട്ട ആൽബർട്ട് റോക പിന്നീട് പരിശീലക ചുമതലകൾ ഒന്നും ഏറ്റെടുത്തിരുന്നില്ല. കോൺസ്റ്റന്റൈന് ശേഷം ഇന്ത്യൻ പരിശീലകനായി റോക എത്തും എന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. അതിനും ഈ നിയമനത്തോടെ അവസാനമുണ്ടായി.
രണ്ട് വർഷത്തോളം ബെംഗളൂരു എഫ് സിയെ റോക പരിശീലിപ്പിച്ചിട്ടുണ്ട്. മുമ്പ് ബാഴ്സലോണ അസിസ്റ്റന്റ് കോച്ച് കൂടി ആയിരുന്നു റോക. റോകയുടെ കീഴിൽ രണ്ട് വർഷത്തിനിടെ രണ്ട് കിരീടങ്ങൾ ബെംഗളൂരു എഫ് സി നേടിയിരുന്നു. ആദ്യ വർഷം ഫെഡറേഷൻ കപ്പും, കഴിഞ്ഞ സീസണിൽ സൂപ്പർ കപ്പും. രണ്ടു കിരീടങ്ങൾക്ക് പുറമെ എ എഫ് സി കപ്പ് ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ ടീമായി ബെംഗളൂരു എഫ് സിയെ മാറ്റാനും റോകയ്ക്ക് ആയി.
ഐ എസ് എല്ലിലേക്ക് ബെംഗളൂരു എഫ് സി എത്തിയപ്പോൾ ഭൂരിഭാഗം കളിക്കാരെയും നഷ്ടപ്പെട്ടിട്ടും ബെംഗളൂരു എഫ് സിയെ രാജ്യത്തിലെ മികച്ച ക്ലബായി തന്നെ നിലനിർത്താൻ സ്പാനിഷ് പരിശീലകനായി. ഈ കഴിഞ്ഞ ഐ എസ് എല്ലിൽ ലീഗിൽ ഒന്നാമതെത്താനും പ്ലേ ഓഫിൽ ഫൈനലിൽ എത്താനും ബെംഗളൂരു എഫ് സിക്കായിരുന്നു.