ദോഹ: മുൻ ഇറ്റലി ദേശീയ ടീമിന്റെയും മാഞ്ചസ്റ്റർ സിറ്റിയുടെയും മാനേജരായിരുന്ന റോബർട്ടോ മാഞ്ചിനി ഖത്തർ ക്ലബ്ബായ അൽ സാദ്ദിന്റെ പുതിയ മുഖ്യ പരിശീലകനായി ചുമതലയേൽക്കാൻ ഒരുങ്ങുന്നു. ഖത്തർ ക്ലബ്ബുമായി ധാരണയിലെത്തിയതിനെ തുടർന്ന് കരാറിൽ ഒപ്പിടുന്നതിനായി 60 വയസ്സുകാരനായ മാൻസിനി ഇന്ന് ദോഹയിലേക്ക് തിരിക്കും.
2025-26 സീസൺ അവസാനം വരെയുള്ള കരാറാണ് അദ്ദേഹം അംഗീകരിച്ചിരിക്കുന്നത്. 2026-ലെ വേനൽക്കാലത്ത് ക്ലബ് വിടാൻ അനുവദിക്കുന്ന പ്രത്യേക എക്സിറ്റ് ക്ലോസ് കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിലെ ഖത്തർ സ്റ്റാർസ് ലീഗ് ചാമ്പ്യന്മാരായ അൽ സദ്ദ് ഈ സീസണിൽ പ്രയാസത്തിലാണ്. കളിച്ച ഒൻപത് മത്സരങ്ങളിൽ നിന്ന് 14 പോയിന്റുമായി ലീഗിൽ ആറാം സ്ഥാനത്താണ് അവർ. എഎഫ്‌സി ചാമ്പ്യൻസ് ലീഗിലും ക്ലബ്ബ് പ്രതിസന്ധി നേരിടുന്നുണ്ട്.
2024 ഒക്ടോബറിൽ സൗദി അറേബ്യൻ ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്തുനിന്നും പരസ്പര ധാരണയോടെ വിട്ടുപോയതിന് ശേഷം ക്ലബ്ബ് തലത്തിലേക്കുള്ള മാൻസിനിയുടെ തിരിച്ചുവരവാണിത്.














