എട്ട് സീസൺ, പതിനാല് ട്രോഫികൾ, ഒടുവിൽ ഗയ്യാർഡോ റിവർപ്ലേറ്റ് വിടുന്നു

റിവർപ്ലേറ്റ് ചരിത്രത്തിലെ ഏറ്റവും പരിശീലകൻ എന്ന് തന്നെ വിളിക്കാവുന്നതാണ് മാഴ്സെലോ ഗയ്യാർഡോവിനെ. ഇടക്കാലത്ത് യൂറോപ്പിലെ വമ്പന്മാരുടെ കൂടെ അർജന്റീനകാരന്റെ പേര് ചേർത്ത് അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നത് അദ്ദേഹത്തിന്റെ തന്ത്രങ്ങൾക്ക് വേണ്ടി യൂറോപ്പ് കാത്തിരിക്കുന്നതിന്റെ സൂചനകൾ ആയിരുന്നു. ഏതായാലും സമീപ ഭാവിയിൽ തന്നെ ഗയ്യാർഡോയെ യൂറോപ്പിൽ കണ്ടേക്കും. താൻ ഈ സീസണോടെ റിവർപ്ലേറ്റ് വിടുകയാണെന്ന് നാല്പത്തിയാറുകാരൻ പ്രഖ്യാപിച്ചു കഴിഞ്ഞു. അപ്രതീക്ഷിതമായ നീക്കം പക്ഷെ ആരാധകരെ അക്ഷരാർഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്.

വിജയങ്ങളും ട്രോഫികളും മാത്രമല്ല റിവർപ്ലേറ്റ് ആരാധകർക്ക് ഗയ്യാർഡോയെ പ്രിയപ്പെട്ടവനാക്കുന്നത്. ചിരവൈരികൾ ആയ ബൊക്ക ജൂനിയഴ്സിന് മേൽ നേടി കൊടുക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. 2018 കോപ്പ ലിബർട്ടഡോറസ് ഫൈനലിൽ ബൊക്കയെ തുരത്തി ഭൂഖണ്ഡത്തിന്റെ ചാംപ്യന്മാരായത് റിവർപ്ലേറ്റ് ചരിത്രത്തിൽ തങ്കലിപികളിൽ എഴുതി ചേർക്കപ്പെട്ടിട്ടുണ്ട്. രണ്ട് കോപ്പ ലിബർട്ടഡോറസ്, ഒരു കോപ്പ സുഡാമേരിക്കാന, അർജന്റീന പ്രിമേറ ഡിവിഷൻ, മൂന്ന് കോപ്പ അർജന്റീന എന്നിവ ടീമിന്റെ ട്രോഫി കാബിനെറ്റിൽ ഗയ്യാർഡോയുടെ ഓർമകൾ ഉയർത്തി നിലനിൽക്കും.

20221014 171424

നിലവിൽ ലീഗിൽ മൂന്നാം സ്ഥാനത്താണ് റിവർപ്ലേറ്റ്. രണ്ടു മത്സരങ്ങൾ കൂടി ശേഷിക്കുന്ന ടീമിന്റെ കൂടെ ഗയ്യാർഡോയുടെ സ്വന്തം തട്ടകത്തിൽ വെച്ചുള്ള അവസാന മത്സരം ഈ ഞായറാഴ്ച്ച റോസാരിയോ സെൻട്രലിന്റെ കൂടെയാണ്. സീസണിന് ശേഷം പുതിയ തട്ടകം തേടുന്ന അദ്ദേഹത്തിന് വേണ്ടി യൂറോപ്പിൽ കണ്ണ് നട്ടിരിക്കുന്നവർ ഉണ്ടാകും എന്നുറപ്പാണ്. ഏതായാലും ഗയ്യാർഡോയുടെ പുതിയ തട്ടകം ഏതെന്നറിയാനുള്ള ആകാംക്ഷയിൽ ആവും ഫുട്ബോൾ ആരാധകരും.