യുവേഫ വനിതാ യൂറോ 2025-ൽ സ്പെയിൻ തങ്ങളുടെ ആധിപത്യം തുടർന്നു. സ്വിറ്റ്സർലൻഡിൽ നടന്ന മത്സരത്തിൽ ബെൽജിയത്തെ 6-2 എന്ന സ്കോറിന് തകർത്ത് സ്പെയിൻ ക്വാർട്ടർ ഫൈനൽ സ്ഥാനം ഏറെക്കുറെ ഉറപ്പിച്ചു. അലക്സിയ പുട്ടെയാസ് ഇരട്ട ഗോളുകൾ നേടി.

പോർച്ചുഗലിനെതിരെ ആദ്യ മത്സരത്തിൽ 5-0 ന് വിജയിച്ച സ്പെയിൻ, ഗ്രൂപ്പ് ബിയിലെ രണ്ട് മത്സരങ്ങളിൽ നിന്ന് 11 ഗോളുകളാണ് നേടിയത്. ഐറിൻ പരേഡസ്, എസ്തർ ഗോൺസാലസ്, മരിയോണ കാൾഡെന്റെയ്, ക്ലോഡിയ പിന എന്നിവരും സ്പെയിനിനായി ഇന്ന് ഗോൾ നേടി.
ജസ്റ്റിൻ വാൻഹേവർമേറ്റ്, പിന്നീട് ഹന്നാ യൂർലിംഗ്സ് എന്നിവരിലൂടെ ബെൽജിയം രണ്ടുതവണ സമനില നേടിയെങ്കിലും, സ്പെയിനിന്റെ ഒഴുക്കൻ ആക്രമണത്തിന് മുന്നിൽ അവർക്ക് പിടിച്ചുനിൽക്കാനായില്ല.
രണ്ട് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റും മികച്ച ഗോൾ വ്യത്യാസവുമുള്ള സ്പെയിനിന്റെ അവസാന എട്ടിലെ സ്ഥാനം ഏറെക്കുറെ ഉറപ്പാണ്. പോർച്ചുഗൽ ഇറ്റലിക്കെതിരെ സമനില നേടുകയോ തോൽക്കുകയോ ചെയ്താൽ സ്പെയിനിന്റെ യോഗ്യത ഔദ്യോഗികമായി സ്ഥിരീകരിക്കും.