ലാലിഗയിൽ റയൽ മാഡ്രിഡിന് തോൽവി. ഇന്ന് മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടിൽ വച്ച് വലൻസിയയെ നേരിട്ട റയൽ 1-2ന്റെ തോൽവി ആണ് വഴങ്ങിയത്. കിരീട പോരാട്ടത്തിൽ വളരെ നിരാശ നൽകുന്ന ഒരു റിസൾട്ട് ആണ് ഇത്. 17 വർഷത്തിനു ശേഷമാണ് വലൻസിയ സാന്റിയാഗോ ബെർണബയുവിൽ വിജയിക്കുന്നത്.

ഇന്ന് തുടക്കത്തിൽ 13ആം മിനിറ്റിൽ ലീഡ് എടുക്കാൻ ഒരു പെനാൽറ്റിയിലൂടെ റയൽ മാഡ്രിഡിന് അവസരം വന്നതായിരുന്നു. എന്നാൽ വിനീഷ്യസ് ജൂനിയർ എടുത്ത പെനാൽറ്റി ലക്ഷ്യത്തിലെത്തിയില്ല. അധികം വൈകാതെ വലൻസിയ അവരുടെ ആദ്യ ഗോൾ നേടി. പതിനഞ്ചാം മിനിട്ടൽ ഡിയാഖാബിയിലൂടെ ആയിരുന്നു വലൻസിയ ലീഡെടുത്തത്. ആദ്യപകുതിയിൽ വലൻസി ആ ലീഡിൽ തുടർന്നു.
രണ്ടാം പകുതിയിലാണ് റയൽ മാഡ്രിഡിന് തിരിച്ചടിക്കാൻ ആയത്. വിനീഷ്യസ് ജൂനിയർ തന്നെയാണ് സമനില നേടി അവർക്ക് ആശ്വാസം നൽകിയത്. ഇതിനുശേഷം നിരവധി അവസരങ്ങൾ ലീഡ് എടുക്കാൻ ആയി റയലിന് ലഭിച്ചുവെങ്കിലും ഒന്നുപോലും ലക്ഷ്യത്തിലെത്തിയില്ല. ആഞ്ചലോട്ടി നിരവധി മാറ്റങ്ങളും നടത്തി നോക്കി. പക്ഷേ ഒന്നും ഫലം കണ്ടില്ല.
95ആം മിനുറ്റിൽ ഹ്യൂഗോ ഡുറോയിലൂടെ വലൻസിയ വിജയ ഗോൾ കണ്ടെത്തി. 30 മത്സരങ്ങളിൽ നിന്ന് 63 പോയിന്റുമായി റയൽ മാഡ്രിഡ് ഇപ്പോൾ ലീഗിൽ രണ്ടാം സ്ഥാനത്ത് നിൽക്കുകയാണ്.
ഒന്നാമതുള്ള ബാഴ്സലോണയെക്കാൾ മൂന്ന് പോയിന്റ് പിറകിലാണ് റയൽ ഇപ്പോൾ. കൂടാതെ ബാഴ്സലോണ അവരുടെ മത്സരം ഇന്ന് രാത്രി കളിക്കുന്നുണ്ട്. ബാഴ്സ ജയിക്കുകയാണെങ്കിൽ അവർക്ക് ആറ് പോയിൻറ് ലീഡ് ആകും.