സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ നടന്ന എൽ ക്ലാസികോയിൽ റയൽ മാഡ്രിഡ് താണ്ഡവം. ഇന്ന് സൗദി അറേബ്യയിൽ നടന്ന മത്സരത്തിൽ ബാഴ്സലോണയുടെ വല നിറച്ചാണ് റയൽ മാഡ്രിഡ് കിരീടത്തിൽ മുത്തമിട്ടത്. ഒന്നിനെതിരെ നാലു ഗോളുകൾക്ക് ആയിരിന്നു റയൽ മാഡ്രിഡിന്റെ വിജയം. ഹാട്രിക്ക് ഗോളുമായി വിനീഷ്യസ് ജൂനിയർ റയൽ മാഡ്രിഡിന്റെ ഹീറോ ആയി.
ഇന്ന് മത്സരം ആരംഭിച്ച് 10 മിനുട്ടുകൾക്ക് അകം തന്നെ റയൽ മാഡ്രിഡ് 2-0ന് മുന്നിൽ എത്തിയിരുന്നു. ഏഴാം മിനുട്ടിൽ ജൂഡ് ബെല്ലിങ്ഹാമിന്റെ ഒരു ഡിഫൻസ് സ്പ്ലിറ്റിംഗ് പാസിൽ നിന്നാണ് വിനീഷ്യസിന് അവസരം കിട്ടിയത്. വിനി ബാഴ്സലോണ ഗോൾ കീപ്പറെയും ഡ്രിബിൾ ചെയ്ത് അകറ്റി ഒഴിഞ്ഞ ഗോൾ വലയിലേക്ക് പന്ത് എത്തിച്ചു.
ആ ഗോൾ വന്ന് മൂന്ന് മിനുട്ടിനകം അടുത്ത ഗോളും വന്നു. ഇത്തവണ റോഡ്രിഗോയുടെ അസിസ്റ്റിൽ നിന്നായിരുന്നു വിനീഷ്യസിന്റെ ഫിനിഷ്. സ്കോർ 2-0. 33ആം മിനുട്ടിൽ ലെവൻഡോസ്കിയുടെ ഒരു ഫിനിഷ് ബാഴ്സലോണ ഒരു ഗോളും ഒപ്പം പ്രതീക്ഷയും നൽകി. സ്കോർ 2-1.
പക്ഷെ 39ആം മിനുട്ടിൽ ഒരു പെനാൾട്ടി റയലിന്റെ രണ്ടു ഗോൾ ലീഡ് പുനസ്ഥാപിക്കാൻ അവരെ സഹായിച്ചു. വിനീഷ്യസ് ആണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്. വിനീഷ്യസിന്റെ എൽ ക്ലാസികോയിലെ ആദ്യ ഹാട്രിക്ക് ആയിരുന്നു ഇത്. 3-1.
രണ്ടാം പകുതിയിലും ബാഴ്സക്ക് മേൽ റയൽ ആധിപത്യം തുടർന്നു. 64ആം മിനുട്ടിൽ റോഡ്രിഗോയിലൂടെ റയൽ മാഡ്രിഡ് നാലാം ഗോൾ കണ്ടെത്തി. സ്കോർ 4-1. 71ആം മിനുട്ടിൽ അറോഹോ ചുവപ്പ് കൂടെ കണ്ടതോടെ ബാഴ്സലോണ പത്തു പേരായി ചുരുങ്ങി.
ഈ വിജയം റയൽ മാഡ്രിഡിന് അവരുടെ 13ആം സ്പാനിഷ് സൂപ്പർ കപ്പ് കിരീടം നൽകി. ബാഴ്സലോണക്ക് 14 സ്പാനിഷ് സൂപ്പർ കപ്പ് ഉണ്ട്