സാന്റിയാഗോ ബെർണാബ്യൂവിൽ നടന്ന മത്സരത്തിൽ റയൽ മയ്യോർക്കയെ 2-1 ന് തോൽപ്പിച്ച് റയൽ മാഡ്രിഡ് ബാഴ്സലോണയുടെ ലാ ലിഗ കിരീടധാരണ ആഘോഷം താൽക്കാലികമായി തടഞ്ഞു. കിലിയൻ എംബാപ്പെ, യുവതാരം ജാക്കോബോ റാമോൺ എന്നിവരുടെ ഗോളുകളാണ് നിർണായക മൂന്ന് പോയിന്റുകൾ റയലിന് നേടിക്കൊടുത്തത്.

11-ാം മിനിറ്റിൽ മാർട്ടിൻ വാൾജെന്റ് ഗോൾ നേടി മല്ലോർക്ക റയലിനെ ഞെട്ടിച്ചു. വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ തുടങ്ങിയ പ്രധാന കളിക്കാർക്ക് പരിക്കേറ്റെങ്കിലും രണ്ടാം പകുതിയിൽ റയൽ പോരാട്ടവീര്യം കാട്ടി. 68-ാം മിനിറ്റിൽ എംബാപ്പെ സീസണിലെ 40-ാം ഗോൾ നേടി സമനില പിടിച്ചു.
മത്സരം സമനിലയിലേക്ക് അടുക്കവെ, 95-ാം മിനിറ്റിൽ ലഭിച്ച അവസരം മുതലാക്കി 20-കാരനായ ജാക്കോബോ റയലിന് വിജയം സമ്മാനിച്ചു.
ബാഴ്സലോണയെക്കാൾ നാല് പോയിന്റ് പിന്നിലുള്ള റയലിന് ഇനി രണ്ട് മത്സരങ്ങൾ കൂടി ബാക്കിയുണ്ട്. എന്നാൽ വ്യാഴാഴ്ച എസ്പാൻയോളിനെതിരെ വിജയിച്ചാൽ ബാഴ്സലോണയ്ക്ക് കിരീടം ഉറപ്പിക്കാൻ കഴിയും.