മാഡ്രിഡ്: സാൻ്റിയാഗോ ബെർണബ്യൂവിൽ ഇന്ന് റയൽ മാഡ്രിഡ് ഗെറ്റാഫെയ്‌ക്കെതിരെ തകർപ്പൻ വിജയം നേടി. ജൂഡ് ബെല്ലിംഗ്ഹാമിൻ്റെയും കൈലിയൻ എംബാപ്പെയുടെയും ഗോളുകളുടെ ബലത്തിൽ റയൽ മാഡ്രിഡ് 2-0ന് ആണ് ഗെറ്റഫയെ തകർത്തത്. ഈ വിജയത്തോടെ 14 മത്സരങ്ങളിൽ നിന്ന് റയലിന് 33 പോയിൻ്റായി. ടേബിൾ ടോപ്പർമാരായ ബാഴ്‌സലോണയ്ക്ക് ഒരു പോയിൻ്റ് മാത്രം പിന്നിലാണ് റയൽ. ബാഴ്സലോണ റയലിനെക്കാൾ ഒരു മത്സരം കൂടുതൽ കളിച്ചിട്ടുണ്ട്.

30-ാം മിനിറ്റിൽ ബെല്ലിംഗ്ഹാം ഒരു പെനാൽറ്റി മിഡിൽ ഡൗൺ ചെയ്ത് ആണ് റയൽ മാഡ്രിഡിന് ലീഡ് നൽകിയത്. റുദിഗറിനെ വീഴ്ത്തിയതിന് ആയിരുന്നു പെനാൾട്ടി ലഭിച്ചത്. എട്ട് മിനിറ്റുകൾക്ക് ശേഷം, ജൂഡിന്റെ പാസിൽ നിന്ന് എംബപ്പെ റയലിന്റെ ലീഡ് ഇരട്ടിയാക്കി. പെനാൾട്ടി ബോക്സിന് ഏറെ പുറത്ത് നിന്നുള്ള ഒരു അളന്നു മുറിച്ച സ്ട്രൈക്കിലൂടെ ആയിരുന്നു എംബപ്പെ വല കണ്ടെത്തിയത്.