മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മാർക്കസ് റാഷ്ഫോർഡിന് ബാഴ്സലോണയിൽ ചേരാൻ താൽപ്പര്യമുണ്ടെന്നും, ക്ലബ്ബിന്റെ വിങ്ങർമാരുടെ ചുരുക്കപ്പട്ടികയിൽ താരം ഇടം നേടിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഈ നീക്കം അസാധ്യമാണെന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് റാഷ്ഫോർഡിന് 48 മില്യൺ യൂറോയാണ് വിലയിട്ടിരിക്കുന്നത്.

ഈ തുക ബാഴ്സലോണക്ക് താങ്ങാനാവുന്നതാണെങ്കിലും താരത്തിന്റെ ഉയർന്ന വേതനം കാരണം ബാഴ്സയുടെ നിലവിലെ സാലറി ക്യാപ് (വേതന പരിധി) നിയമങ്ങൾ പ്രകാരം ഈ കൈമാറ്റം പ്രയാസകരമാകും.
ബാഴ്സലോണയുടെ സാമ്പത്തിക സ്ഥിതിയും ലാ ലിഗയുടെ കർശനമായ വേതന നിയമങ്ങളും കാരണം പല താരങ്ങളെയും സ്വന്തമാക്കുന്നതിൽ അവർക്ക് പരിമിതികളുണ്ട്. റാഷ്ഫോർഡിന്റെ വേതനം ഈ പരിധിക്ക് അപ്പുറമായതിനാൽ, ഈ ട്രാൻസ്ഫർ നിലവിൽ നടക്കാനിടയില്ലെന്നാണ് ഫുട്ബോൾ ലോകത്തെ സംസാരം.
റൂബൻ അമോറിം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനായി വന്നതിന് ശേഷം റാഷ്ഫോർഡിന് മാഞ്ചസ്റ്റർ ക്ലബ്ബിൽ ഭാവി ഇല്ല എന്ന് ഉറപ്പണ്. പ്രീമിയർ ലീഗിലെ മറ്റ് ക്ലബ്ബുകളും സൗദി ക്ലബ്ബുകളും റാഷ്ഫോർഡിനെ സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ട്. പി എസ് ജിയും താരത്തെ ലക്ഷ്യമിടുന്നുണ്ട്.