മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡ് മാർക്കസ് റാഷ്‌ഫോർഡ് ആസ്റ്റൺ വില്ലയിൽ ചേരാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. റാഷ്ഫോർഡും ആസ്റ്റൺ വില്ലയുമായി കരാർ ധാരണയിൽ എത്തി കഴിഞ്ഞു. ലോൺ കരാറിൽ ആകും താരം വില്ലയിൽ എത്തിക. വേനൽക്കാലത്ത് വില്ലയിലേക്ക് സ്ഥിരമായി മാറാനുള്ള ഓപ്ഷനും ഈ കരാറിൽ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. റാഷ്‌ഫോർഡിന്റെ £325,000 ആഴ്ച ശമ്പളത്തിന്റെ ഒരു പ്രധാന ഭാഗം നൽകാൻ ആസ്റ്റൺ വില്ല സമ്മതിച്ചു.
ഡിസംബർ പകുതി മുതൽ റാഷ്‌ഫോർഡ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ടീമിൽ ഇടം നേടിയിട്ടില്ല, പരിശീലനത്തിലെ പ്രശ്‌നങ്ങളാണ് അദ്ദേഹത്തെ ഒഴിവാക്കാനുള്ള കാരണമെന്ന് മാനേജർ റൂബൻ അമോറിം ചൂണ്ടിക്കാട്ടിയിരുന്നു. വില്ലയിൽ പോയാൽ ചാമ്പ്യൻസ് ലീഗ് ഫുട്‌ബോൾ കളിക്കാം എന്നതാണ് റാഷ്ഫോർഫ് വില്ലയുമായി അടുക്കാൻ കാരണം.
തിങ്കളാഴ്ച രാത്രി ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതിന് മുമ്പ് കരാർ അന്തിമമാക്കാൻ ആസ്റ്റൺ വില്ല ആഗ്രഹിക്കുന്നു. ജോൺ ഡുറാനെ അൽ നാസറിന് അടുത്തിടെ വിറ്റതിനെത്തുടർന്ന് ക്ലബ് ആക്രമണ ഓപ്ഷനുകൾ ശക്തിപ്പെടുത്താൻ ശ്രമിക്കുകയാണ്.