മികച്ചൊരു സീസണ് പിന്നാലെ ബ്രസീലിയൻ വിംഗർ റാഫീഞ്ഞ എഫ്.സി. ബാഴ്സലോണയുമായി 2028 ജൂൺ വരെ കരാർ പുതുക്കി. ഈ സീസണിൽ ലാ ലിഗ, കോപ ഡെൽ റേ, സ്പാനിഷ് സൂപ്പർ കപ്പ് എന്നിവ നേടി ക്ലബ്ബിന് ആഭ്യന്തര ട്രെബിൾ നേടുന്നതിൽ റാഫീഞ്ഞ പ്രധാന പങ്ക് വഹിച്ചിരുന്നു.

28 വയസ്സുകാരനായ റാഫീഞ്ഞയ്ക്ക് 2027 വരെ കരാർ ഉണ്ടായിരുന്നെങ്കിലും, ഈ സീസണിലെ അദ്ദേഹത്തിൻ്റെ മികച്ച പ്രകടനങ്ങൾ ബാഴ്സലോണയെ ഒരു വർഷം കൂടി കരാർ ഉറപ്പിക്കാൻ പ്രേരിപ്പിച്ചു. എല്ലാ മത്സരങ്ങളിലുമായി ഈ സീസണിൽ 56 മത്സരങ്ങളിൽ നിന്ന് 34 ഗോളുകളും 25 അസിസ്റ്റുകളും റാഫീഞ്ഞ നേടിയിട്ടുണ്ട്. നിലവിൽ യുവേഫ ചാമ്പ്യൻസ് ലീഗിൽ 13 ഗോളുകളുമായി ടോപ് സ്കോറർമാരിൽ ഒരാളാണ് അദ്ദേഹം.
പരിശീലകൻ ഹാൻസി ഫ്ലിക്ക് 2027 വരെ കരാർ പുതുക്കിയതിന് തൊട്ടുപിന്നാലെയാണ് റാഫീഞ്ഞയുടെ കരാർ പുതുക്കിയത്. യുവതാരം ലമിൻ യമാലും (17) ഉടൻ തന്നെ തൻ്റെ കരാർ പുതുക്കുമെന്നും അദ്ദേഹത്തിൻ്റെ ഏജൻ്റ് ജോർജ് മെൻഡിസ് സ്ഥിരീകരിച്ചിട്ടുണ്ട്.
2022-ൽ ലീഡ്സ് യുണൈറ്റഡിൽ നിന്ന് 55 മില്യൺ പൗണ്ടിനാണ് റഫീഞ്ഞ ബാഴ്സയിൽ എത്തിയത്.