2019 നവംബർ മാസം ഇരുപതാം തീയതി, വിശ്വവിഖ്യാതമായ ആംസ്റ്റർഡാമിലെ യൊഹാൻ ക്രൈഫ് അരീനയിലെ യൂറോ കപ്പ് യോഗ്യതാ മത്സരം കഥയ്ക്കാധാരം. ആതിഥേയരായ നെതർലാൻഡ്സ് എസ്റ്റോണിയയുമായി ഏറ്റുമുട്ടിയ ആ മത്സരം നിങ്ങളുടെ ഓർമ്മകളിൽനിന്നു മാഞ്ഞുതുടങ്ങിയോ? ഇനിയഥവാ മറന്നാലും മത്സരത്തിൽ ഹാട്രിക് സ്‌കോർ ചെയ്ത ജോർജനിയോ വൈനാൾഡത്തേ നിങ്ങൾ മറക്കാനിടയില്ല. ഒപ്പം, കളിയുടെ ആറാം മിനിറ്റിൽ വലകുലുക്കി ഗോൾനേട്ടത്തിനൊടുവിൽ സഹതാരമായ ഫ്രാങ്കി ഡി യോങ്ങിനെ കൂട്ടി ടച്ച് ലൈനിന് സമീപം വന്ന്, തുടരുന്ന വർണ്ണ വെറിക്കെതിരെ വ്യത്യസ്ത നിറങ്ങളിലുള്ള ഇരുവരുടെയും കൈകൾ ചൂണ്ടിക്കാട്ടി നടത്തിയ ആ സെലിബ്രെഷൻ നിങ്ങൾ തീർച്ചയായും മറക്കില്ല; ഫുട്‌ബോൾ ലോകം മറക്കാനിടയില്ലാത്ത കയികലോകത്തെ വർണ്ണവെറിക്കെതിരെയുള്ള ആ തുറന്ന പ്രതിഷേധം നെഞ്ചകങ്ങളിൽ കത്തിനിൽക്കുന്നത്, 1968ഇലെ ടോമി സ്മിത്തിന്റെയും ജോൺ കാർലോസിന്റെയും മെക്സിക്കൻ സിറ്റി ഒളിമ്പിക്സിലെ വിഖ്യാതമായ മെഡൽ സ്റ്റാൻഡ് പ്രതിഷേധത്തിന്റെ അൻപതാം വാർഷികത്തിനും ശേഷമാണ് എന്നോർക്കുമ്പോഴാണ്, നമ്മളടങ്ങുന്ന കായികസ്നേഹീസമൂഹം ഓടിയോടി സ്റ്റാർട്ടിങ് പോയിന്റിൽ തന്നെ കിതച്ചുനിൽക്കുന്നുവെന്ന കൈപ്പേറിയ വസ്തുത ഉള്ളിൽ നീറ്റലുണ്ടാക്കുന്നത്.
തൊലിയുടെനിറം കറുത്തതായതിനാൽ ഹിറ്റ്‌ലർ കൈകൊടുക്കാതെ ഇറങ്ങിപ്പോയ ജർമൻ ഒളിമ്പിക്‌സിലെ ജെസി ഓവൻസിന്റെ മുഖവും, ഗ്യാലറിയിൽ നിന്ന് എറിഞ്ഞുകൊടുത്ത പഴം കോർണർ ഫ്‌ളാഗിന് തൊട്ടടുത്തുനിന്നെടുത്തു കഴിച്ച ഡാനി ആൽവാസിന്റെ ലഘുപ്രതിഷേധവും, ഓസ്‌ട്രേലിയൻ കുരങ്ങനെന്നു വിളിച്ച, അന്തരിച്ച സിമ്മൻസിന്റെ കരഞ്ഞുകലങ്ങിയ കണ്ണുമൊക്കെ കയികലോകത്തെ മാറ്റമില്ലാതെ തുടരുന്ന വർണ്ണവെറികളുടെ നേർകാഴ്ചകളാണ്. കാലങ്ങളോളം ലോകമെമ്പാടുമുള്ള ഗ്യാലറികളിൽ ഉയർത്തപ്പെട്ട പ്ലക്കാടുകളുടെയും ഉയർന്നുകേട്ട ശബ്ദകോലഹലങ്ങളുടെയും #NoRacism ക്യാമ്പയിനുകളുടെയും അർത്ഥം പരിണിതപ്രജ്ഞരെന്നു സ്വയമവകാശപ്പെടുന്ന പുതിയകാലത്തിന്റെ ‘ആര്യൻ മെൻ’ മനസിലാക്കിയെടുക്കാൻ ഇനിയും കാലമെത്രവേണ്ടിവരും!? യൂറോപ്പിന്റെ കളിക്കളങ്ങളെയും ഗ്യാലറികളെയും പിടികൂടിയ ഈ വർഗ്ഗ-വംശ-വർണ്ണ വിഷം ലോകത്താകമാനം പടർന്നുകയറിയിരിക്കുന്നു. കളിക്കളങ്ങളിൽ മുറിവേറ്റ ഹൃദയങ്ങൾ വഴി മാനവനന്മയുടെ മൂല്യച്യുതികളിൽ കാലമതിന്റെ രക്തക്കറ തേച്ചു നടന്നുനീങ്ങുന്നു.
യൂറോപ്യൻ കളിക്കളങ്ങൾ കാലാകാലങ്ങളായി കാത്തുവയ്ക്കുന്ന വെളുപ്പിന്റെ വെറുപ്പുളവാക്കുന്ന രാഷ്ട്രീയം കറുത്തവനെതിരെയുള്ള വാനരൻ വിളിയിൽ തുടങ്ങി വാനോളം അന്തമില്ലാതെ പലയിഴകളായി പിരിഞ്ഞു നമ്മൾ ദിനംപ്രതി കാണുന്നുണ്ട്. ഒരറ്റം മുതൽ തിരികൊളുത്തി തുടങ്ങിയ ഈ മാലപ്പടക്കം കളിക്കളങ്ങളെ അക്ഷരാർത്ഥത്തിൽ കത്തിക്കുകതന്നെയായിരുന്നു. ഇടക്കാലത്ത് കുറവുണ്ടായ ഈ വ്രണം പിന്നീട് വീണ്ടും പഴുത്തുപൊട്ടുകയാണ്. എടുത്തു പറയാൻ എത്രയെത്ര കഥകൾ, അനുഭവങ്ങൾ! വിവ് ആൻഡേഴ്സനും ആൻഡ്രൂ സിമ്മൻസും കുലിബാലിയും മെസ്യൂട് ഓസിലുമൊക്കെ ഓരോ കാലഘട്ടത്തിന്റെയും നൊമ്പരക്കാഴ്ചകളാണ്, നെറിക്കേടിന്റെ രക്തസാക്ഷികളാണ്.
കായികചരിത്രത്തിലെ വർണ്ണവെറിയുടെ ജീർണ്ണിച്ച കഥകളിൽ എന്നും ചരിത്രകാരന്മാർ ആദ്യമോർക്കുന്ന പേരാണ് ജയിംസ് ക്ലേവ്ലാണ്ട് ഓവൻസ് അധവാ ജെസ്സി ഓവൻസ്. അമേരിക്കൻ കറുത്ത വംശജനായ ജെസ്സി ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങളിൽ തന്റെ കാലഘട്ടത്തെ രാജാക്കന്മാരിലൊരാളായിരുന്നു. ജീവിതനാൾവഴികളിൽ കൈപ്പേറിയ നാളുകൾക്കിപ്പുറം വിജയമെന്ന സ്വപ്നവുമുള്ളിൽപേറി റെക്കോർഡുകൾ ഓരോന്നായി പിന്നിലാക്കി കുതിച്ച താരം ബെർലിൻ ഒളിമ്പിക്സിൽ നാലു സ്വർണവും, ഒപ്പം മൂന്നു റെക്കോർഡുകളുമായി കളംനിറഞ്ഞപ്പോൾ കണ്ടുന്നിന്നവരിൽ പടർന്ന പുഞ്ചിരി ഒരു കാലഘട്ടത്തിന്റെ ത്യാഗത്തിന്റെയും സഹനത്തിന്റെയും യാതനകളുടെയും നേർചിത്രമായി മാറി. ആര്യാധിപത്യം ഊട്ടിയുറപ്പിക്കാൻ കളിക്കളമുപയോഗിക്കാൻ തുനിഞ്ഞ അഡോൾഫ് ഹിറ്റ്ലരുടെ കുടില തന്ത്രങ്ങൾ മുട്ടുമടക്കിയത് ജെസ്സിയുടെ മുൻപിൽ മാത്രമായിരുന്നു എന്നതാണ് ശ്രദ്ധേയമായ വസ്തുത. ഒരു കറുത്ത വർഗ്ഗക്കാരന്റെ മെഡൽ നേട്ടത്തിൽ അസ്വസ്ഥനായ ഹിറ്റ്ലർ വിജയിക്ക് അഭിനന്ദനം നൽകാൻ വിസമ്മതിച്ചു സ്റ്റേഡിയം വിട്ടതും, “ഞാൻ വന്നത് ജയിക്കാനാണ്, ഹിറ്റ്ലറുടെ ഹസ്തദാനം സ്വീകരിക്കാനല്ല” എന്ന ജെസ്സി ഓവൻസിന്റെ തുറന്ന പ്രസ്താവനയും കയികലോകത്തേയും ജർമ്മനിയിൽ നടന്ന വിവാദപരമായ 1936 ഒളിമ്പിക്സിനെയും, ഒരു വലിയ കാലത്തേയ്ക്കു പിടിച്ചു കുലുക്കിയത് ചെറുതായിയൊന്നുമായിരുന്നില്ല. പിന്നീട് ആ കഥയ്ക്ക് പല മറുകഥകളും വന്നു ചർച്ചകളിൽ നിന്നും പതിയെ മാറ്റപ്പെട്ടെങ്കിലും, അതിലും വലിയൊരു നീചത, അങ്ങു ജെസ്സിയുടെ തന്നെ നാട്ടിൽ അന്നത്തെ പ്രസിഡന്റായ ഫ്രാങ്ക്ളിൻ ഡി റൂസേവൾട് വക അണിയറയിൽ ഒരുങ്ങിയിരുന്നു. ഹിറ്റ്ലരുടെ നാസിസ്റ്റ് ആശയസമ്മിശ്രണത്താൽ
അതിനോടകം കുപ്രസിദ്ധിയാർജ്ജിച്ച 1936 ബർലിൻ ഒളിമ്പിക്സിൽ പങ്കെടുത്ത പതിനെട്ട് ആഫ്രിക്കൻ അമേരിക്കൻ കയികതാരങ്ങളെയും തഴഞ്ഞു പ്രസിഡന്റ് വൈറ്റ് ഹൗസിൽ നടത്തിയ വിജയസൽക്കാരം പിന്നീട് വിവാദമാവുകയും ചെയ്തിരുന്നു. അത്ലറ്റിക്‌സും ഫുട്‌ബോളും ബാസ്‌ക്കറ്റ്ബോളും തുടങ്ങി സകലയിടങ്ങളിലും കരുത്തിന്റെയും കുതിപ്പിന്റെയും പ്രതീകങ്ങളായി കറുത്തവർ മാറിയപ്പോൾ പൊള്ളിയ വെളുത്ത ചെകുത്താൻമ്മാർ പിന്നെയും വാവിട്ടുകരഞ്ഞുകൊണ്ടിരുന്നു, പല വഴികളിൽ.
റഗ്ബി താരമായ ആന്റണി മുണ്ടയ്ൻ ന്യൂ സൗത്ത് വെയിൽസിലെ കടുത്ത വംശീയധിക്ഷേപങ്ങളിൽ മനംനൊന്തു തന്റെ കളിമതിയാക്കി ബോക്സിങ് തിരഞ്ഞെടുത്തു. പിന്നീട് അദ്ദേഹം, ഡാനി ഗ്രീനിനെതിരെ 2017ഇൽ നടന്ന മത്സരത്തിനുമുമ്പ് ഓസ്‌ട്രേലിയൻ ദേശീത ഗാനത്തോട് തന്റെ കസേരയിലുരുന്നുകൊണ്ടു പ്രതിഷേധമറിയിച്ചത്, കയികലോകം കണ്ട വേറിട്ട പ്രതിഷേധ മുറകളിൽ ഒന്നായിമാറി. ആഫ്രിക്കൻ അമേരിക്കൻ ബേസ്ബോൾ താരങ്ങളെ അവരുടെ ലീഗിൽ കളിക്കാൻ നാഷണൽ അസോസിയേഷൻ ഓഫ് ബേസ്ബോൾ പ്ലെയേഴ്‌സ് അനുവദിക്കാതിരുന്നതിനെത്തുടർന്ന്, അവരൊരുമിച്ച് കൈകോർത്തു നീഗ്രോ ലീഗ് തുടങ്ങുകയും, ലോകത്തിലെ തന്നെ ഏറ്റവും സക്സസീവ് ലീഗുകളിൽ ഒന്നായി പ്രസ്തുത ലീഗ് മാറിയത് നമ്മൾ കണ്ടതാണ്, പൂർണ്ണമായും ആഫ്രിക്കൻ അമേരിക്കൻസിന്റെ മേൽനോട്ടത്തിൽ നടത്തപ്പെട്ട ആ ലീഗും അതിന്റെ വിജയഗാഥയും ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ടത് സുവർണ്ണ ലിപികളാലാണ്.
ടൈഗർ വുഡ്‌സ് ഗോൾഫിൽ രചിച്ച വീരചരിതവും വർണ്ണവിവേചനത്തിനെതിരെ ഉയർത്തിയ വീരോചിത വിപ്ലവശബ്ദവുമുൾപ്പടെ പ്രതീകാത്മകമായ പല പ്രതിഷേധങ്ങളും കണ്ട കളിക്കളങ്ങളിൽ നിന്നും പക്ഷേ, ജനപ്രിയ കായികവിനോദങ്ങളായ ഫുട്‌ബോളും മറ്റുമാണ് സംഭവങ്ങളെ കൂടുതൽ ലോകശ്രദ്ധയിലേയ്ക്കു എത്തിയത് എന്നതിൽ തർക്കമില്ല. 2012ഇൽ സ്പാനിഷ് ലീഗിലെ ബാഴ്സിലോണ-വിയ്യാറയൽ മത്സരം കാൽപന്തുകളിയാരാധകർ ഓർത്തിരിക്കുന്നതും സമാനമായ സംഭവവികാസങ്ങളുടെ പേരിലാണ്. കോർണർ കിക്കെടുക്കാൻ വന്ന ബ്രസീലിയൻ താരം ഡാനി ആൽവാസിന് നേരെ വിയ്യാറയൽ ഗ്യാലറിയിൽ നിന്നും എറിഞ്ഞ വാഴപ്പഴം വെളുത്തവന്റെ വ്രണപ്പെട്ട വർണ്ണഹുങ്കിന്റെ തെളിവായിരുന്നു. അന്നുവരെ വംശീയതയ്ക്കു പാത്രമാകുന്നവർ വേഗം ചൂളിപ്പോവുകയോ കലിതുള്ളി കളംവിടുകയോ ചെയ്തിരുന്നത് മാത്രം കണ്ടുശീലിച്ച വർഗ്ഗ-വർണ്ണ വെരിയന്മാരുടെ ചെവിക്കല്ലിൽ കിട്ടിയ അടിയായിമാറി ശേഷം നടന്ന സംഭവങ്ങൾ. “കുരങ്ങന് നൽകിയ പഴം” നിലത്തുനിന്നെടുത്തു തൊലിയുരിഞ്ഞു വായിലാക്കിയ ഡാനി, ഒന്നും സംഭവിക്കാത്ത മട്ടിൽ കളി തുടർന്നു.
അതൊരു വിപ്ലവത്തിന്റെ തുടക്കമായിരുന്നു. വെള്ളക്കാരന്റെ വംശീയഹുങ്കിന്റെ മുന്നിൽ അതിനുമുൻപൊന്നും കാണാത്ത ഒരു വേറിട്ട പ്രതിഷേധരീതി; അതായിരുന്നു ഡാനിയുടെ ഉദ്ദേശവും. പഴം കഴിച്ചും സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവച്ചും ഡാനിയുടെ പ്രതിഷേധത്തിൽ ഒപ്പം ചേർന്ന ലോകഫുട്‌ബോളിലെ മഹാരഥന്മാരിൽ പലരും ഈ വിഷയത്തെ ആഗോളതലത്തിൽ പ്രശസ്തമാക്കി മാറ്റി. എങ്കിലും, രണ്ടായിരത്തി അഞ്ചിൽ ബാഴ്സിലോണ ഇതിഹാസം സാമുവൽ ഇറ്റോയും, രണ്ടായിരത്തി പതിനൊന്നിൽ ബ്രസീലിയൻ ഇതിഹാസം റോബർട്ടോ കാർലോസും, പതിനാലിൽ സാന്റോസ് ഗോൾകീപ്പർ അരാനയും, പതിനെട്ടിൽ റഹീം സ്റ്റർലിംഗും തുടങ്ങി, വംശീയധിക്ഷേപങ്ങളിൽ മുറിവേറ്റവരുടെ പട്ടിക വിനീഷ്യസ് വരെയും എത്തിനിൽക്കുമ്പോൾ, പ്രതീകാത്മക പ്രതിഷേധങ്ങളുടെ മുള്ളമ്പുകൾ തൊടുത്തുവിട്ടു പുതുവഴിതുറന്നു “Why always me” എന്നു ചോദിച്ചു മരിയോ ബലോട്ടലിയും, സുവാരസിന്റെ വംശീയധിക്ഷേപത്തിനിരയായി ശേഷം കളിക്കളത്തിൽ വച്ചുതന്നെ മറുപടി നൽകിയ പാട്രിക് എവ്രയുമൊക്കെ ഈ വിപത്തിന്റെ തീക്കനലിൽ വെള്ളമൊഴിക്കാൻ പാടുപെട്ടവരാണ്.
രണ്ടായിരത്തിയിരുപതിൽ പോർച്ചുഗീസ് പ്രീമിയർ ലീഗിലെ പോർട്ടോയുടെ മുന്നേറ്റനിരതാരമായ മോസോ മരേഖ സമാനമായ രീതിയിൽ വംശീയധിക്ഷേപം നേരിട്ട് തെല്ലും കൂസാതെ ആ മത്സരത്തിൽ വലകുലുക്കി ഗ്യാലറിയെ നിശ്ശബ്ദരാക്കിയതും ശേഷം തന്റെ നിറം ഗ്യാലറിയെ അഭിമാനത്തോടെ കാണികച്ചുകൊടുത്തതും ഈ കളിയുടെ പ്രായാണരൂപത്തിൽ കൊത്തിവയ്ക്കപ്പെടാവുന്ന മറ്റൊരു മനോഹര ഏടാണ്.
ഫുടബോൾ വിട്ടു ക്രിക്കറ്റിലേക്ക് വന്നാൽ, ഇവിടെയും സ്ഥിതി വ്യത്യസ്തമല്ല. രണ്ടായിരത്തിയാറിൽ മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ഡീൻ ജോൺസ് സൗത്ത് ആഫ്രിക്കൻ താരം ഹഷീം ആംലയെ തീവ്രവാദി എന്നു കമന്ററിക്കിടയിൽ വിളിച്ചതും അത് പിന്നീട് വിവാദമായതും, വർഗ്ഗീയതയുടെ നേർചിത്രങ്ങളായിരിക്കെ ഇങ്ങിന്ത്യയിലും സമാനമായ സംഭവവികാസങ്ങൾ നടന്നിട്ടുണ്ട്. ഓസ്‌ട്രേലിയൻ ഇതിഹാസം ആൻഡ്രൂ സിമ്മൻസിനെ ‘മങ്കി’ എന്നുവിളിച്ച ഹർഭജൻ സിംഗും ഐ പി എൽ ക്യാമ്പിൽ സഹതാരങ്ങൾ തന്നെ ‘കാലു’ എന്നു വിളിപ്പേരിട്ടു വിളിച്ചിരുന്നുവെന്ന വെസ്റ് ഇൻഡീസ് താരത്തിന്റെ വെളിപ്പെടുത്തലും നമുക്കിടയിലെ, നമ്മളാവരുതാത്ത നമ്മളെ കാണിച്ചുതരുന്നു.
വർദ്ധിച്ചുവരുന്ന വർണ്ണവെറിയുടെ വക്താക്കൾക്കു മൂക്കുകയറിടാൻ യൂറോപ്യൻ യൂണിയനും മറ്റു ലോകകായികസംഘടനകളും കിണഞ്ഞു പരിശ്രമിക്കുകയാണ്, ക്യാമ്പയിനുകളും ബോധവൽക്കരണവും നടത്തുകയാണ്. പക്ഷേ ഇതെത്രനാളത്തേയ്ക്കാണ്…?
ക്യാമ്പയിനുകൾകൊണ്ടു തീരേണ്ട വിഷയമെങ്കിൽ എന്തേ ഈ കഴിഞ്ഞ പതിറ്റാണ്ടുകളുടെ പരിശ്രമങ്ങൾ വീണ്ടും വിഫലമെന്നു ദിനംപ്രതി തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുന്നു?! യൂണിവേഴ്‌സിറ്റി ഓഫ് സെൻട്രൽ ഫ്ലോറിഡ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡൈവേഴ്സിറ്റി ആൻഡ് എത്തിക്സ് ഇൻ സ്പോർട്ടിന്റെ പുറത്തുവിട്ട പഠന റിപ്പോർട്ട് പ്രകാരം, ലോകമെമ്പാടും വർഷാവർഷം റേസിസ്റ്റ് ആക്റ്റുകൾ കൂടിവരുന്നതല്ലാതെ കുറയുന്ന ഭാവം കാണാനില്ല. 2017ഇൽ ആകെ 79 എണ്ണം റെക്കോർഡ് ചെയ്യപ്പെട്ട കയികലോകത്തെ റേസിസ്റ്റ് നീക്കങ്ങൾ തൊട്ടടുത്ത വർഷം 137 ആയി ഉയർന്നു. ഇവയൊക്കെയും ഓരോ ചൂണ്ടുപലകകളാണ്; മാറുന്ന ലോകത്തെ മരിക്കുന്ന മാനവീകതയുടെയും മനുഷ്യത്വത്തിന്റെയും മരണക്കാഴ്ചകൾ.
അമേരിക്കയിൽ വെളുത്ത പോലീസുകാരന്റെ കാൽമുട്ടിനടിയിൽ പിടഞ്ഞു തീർന്ന ജോർജ് ഫ്ലോയിടിന്റെ മുഖം സമാനഭാവത്തിൽ കളിക്കളങ്ങളിൽ പലപ്പോഴായി കാണേണ്ടി വരുന്ന ഭയാനകമായ അവസ്ഥ. മാറേണ്ടത് കാഴ്ചപ്പാടുകളാണ്, മാറ്റേണ്ടത് കലവീണ കണ്ണുകളും! റേസിസത്തിന്റെ തലങ്ങൾ ഇന്ന് മാറിയിരിക്കുന്നു. അതിൽ, കാലാകാലങ്ങളായി കണ്ടുപോന്ന പലതിനേയും നിത്യജീവിതവുമായി സമലർത്താനുള്ള വൃഥാശ്രമങ്ങളും നാമടങ്ങുന്ന സമൂഹം നടക്കുന്നുവെന്നതാണ് മറ്റൊരു വാസ്തവം. എന്തിലും ഏതിലും വർഗ്ഗീയത ചികയുന്ന മാനസീക അടിമത്തത്തിലേയ്ക്കു നീങ്ങുന്ന ഈ പുതിയ കാലത്തിന്റെ ഏറ്റവും പുതിയ ഉദാഹരണങ്ങളിൽ ഒന്നായിരുന്നു 2020 ടോക്കിയോ ഒളിമ്പിക്‌സ് വേദിയിൽ ഹൈജമ്പിലെ സുപ്രസിദ്ധമായ സ്വർണ്ണം പങ്കുവയ്ക്കലിന് മാധ്യമങ്ങൾ വഴി നൽകിയ വെറുപ്പിന്റെ വേറിട്ട മാനം. ഇറ്റലിക്കാരനായ ജിയാന്മാർക്കോ തമ്പേരിയും ഖത്തർ താരമായ മുതാസ് ബർഷിമും ഉയർന്നുചാടി ഒരേയുയരം കീഴടക്കിയ മത്സരത്തിൽ, ഒടുവിൽ തമ്പേരിയേ ചേർത്തുപിടിച്ചു റഫറിയോട് സ്വർണ്ണം പങ്കുവയ്ക്കാൻ ആവശ്യപ്പെട്ട മുതാസ് ബർഷിം അക്ഷരാർത്ഥത്തിൽ സ്പോർട്‌സ്മാൻസ്പിരിറ്റിന്റെ ഏറ്റവുമുന്നതോദാഹരണമായിതീർന്നു. കണ്ടിരുന്നവർ ഇരുകരങ്ങളും നീട്ടി സ്വീകരിക്കുകയും ഹൃദയത്തിൽ സൂക്ഷിക്കുകയും ചെയ്ത പ്രസ്തുത സംഭവം പക്ഷേ അതേ സ്പോർട്‌സ്മാൻസ്പിരിറ്റിന്റെയപ്പുറം കറുത്തനിറമുള്ളവൻ വെളുത്തവനു ചെയ്ത സൗജന്യമായി വ്യാഖ്യാനിച്ച ചില മാധ്യമങ്ങളും സ്ഥാപനങ്ങളും, വർണ്ണവെറിയുടെ, വെറുപ്പിന്റെ രാഷ്ട്രീയം കുത്തിവച്ചു സംഭവമാകെ വികൃതമാക്കിമാറ്റി.
നിത്യജീവിതത്തിൽ നമ്മളുപയോഗിക്കുന്ന സമാനചേഷ്ടകൾ പോലെ, കളിക്കളങ്ങളിലെ കുമ്മായവരകളുടെയുള്ളിൽ ഇവയ്ക്കൊക്കെ സ്ഥാനംകൊടുക്കുന്നത് എത്രത്തോളം നീചമാണ് എന്നത് ഇനിയും മനസ്സിലാവാൻ നമ്മൾ എത്രയോ കാലം മുന്നിലേയ്ക്ക് പോവേണ്ടിവരുമെന്നത് തീർച്ചയല്ലെങ്കിലും ഇംഗ്ലണ്ട്-ഓസ്‌ട്രേലിയ വൈര്യത്തിൽ വർഗീയമാനം നൽകി തുടങ്ങിയ ആഷസ് പരമ്പരയടക്കമുള്ള അൺഒഫീഷ്യൽ വംശീയ പോരുകൾ പോലെയുള്ളവ നിറുത്തുന്നതുവരെ ഇതിനു മാറ്റങ്ങളുണ്ടാവുമെന്ന വ്യാമോഹം വേണ്ട! അതിന് വ്യക്തികൾ മാറണം, വ്യക്തികൾ കൂടുന്ന സമൂഹങ്ങളിൽ ഈ ആശയങ്ങളുടെ ദീപശിഖയെരിയണം. താഴേയ്ക്കിടയിൽ നിന്നും മുകളിലേക്കുള്ള അഴിച്ചുപണിയാണ് ഇന്ന് ഏറ്റവുമനിവാര്യം, ഒപ്പം ദൈനംദിന ജീവിതത്തിൽ നമ്മൾ പാലിക്കേണ്ട മര്യാദകളും കാത്തുസൂക്ഷിക്കേണ്ട മൂല്യങ്ങളും ഈ കണക്കിൽ പെടുത്തുകയും വേണമെന്നതും അത്യന്താപേക്ഷികം. “നാട്ടിൽ കാണുന്ന കറുത്ത സുഹൃത്തിനെ കണ്ണാപ്പിയെന്നുവിളിച്ചു ചിരിച്ചു മതിച്ചു നടന്നൊടുവിൽ യൂറോപ്പിലെ റേസിസത്തിനെതിരെ വാട്സ്ആപ്പ് സ്റ്റാറ്റസിൽ പടവെട്ടുന്ന ലോജിക്കില്ലായ്മയിൽ നിന്നും ഒരുപാട് പടികൾ മുകളിലേയ്ക്ക് കയറേണ്ടതുണ്ടുനാം!” തിരിച്ചറിവുകളാണ് മാറ്റത്തിലേയ്ക്കുള്ള ചൂണ്ടുപലക, മാറ്റങ്ങളാണ് മുന്നേറ്റത്തിലേയ്ക്കുള്ള ചവിട്ടുപടി, മുന്നേറ്റമാണ് മാനവീകതയുടെ തറക്കല്ല്. വിപ്ലവം വിജയിക്കട്ടെ!!!