ഫ്രഞ്ച് മിഡ്ഫീൽഡർ അഡ്രിയാൻ റാബിയോ ഇരട്ട ഗോളുകളുമായി തിളങ്ങിയ മത്സരത്തിൽ കരുത്തരായ കോമോയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി എസി മിലാൻ. ഈ വിജയത്തോടെ സീരി എ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ഇന്റർ മിലാനുമായുള്ള പോയിന്റ് വ്യത്യാസം മൂന്നായി കുറയ്ക്കാൻ മിലാന് സാധിച്ചു.
മത്സരത്തിന്റെ ആദ്യ പകുതിയിൽ ക്രിസ്റ്റഫർ എൻകുങ്കു നേടിയ പെനാൽറ്റി ഗോളിന് വഴിയൊരുക്കിയത് റാബിയോ ആയിരുന്നു. തുടർന്ന് രണ്ടാം പകുതിയിൽ രണ്ട് മനോഹരമായ ഗോളുകൾ കൂടി നേടി അദ്ദേഹം മിലാന്റെ വിജയം ഉറപ്പിച്ചു. ഇതിലൊന്ന് ലോങ്ങ് റേഞ്ച് റോക്കറ്റ് ഷോട്ടിലൂടെയായിരുന്നു. മിലാൻ ഗോൾകീപ്പർ മൈക്ക് മൈനന്റെ മികച്ച സേവുകളും 19 മത്സരങ്ങളായി തുടരുന്ന ടീമിന്റെ തോൽവിയറിയാത്ത കുതിപ്പിന് കരുത്തായി.
മത്സരത്തിന്റെ തുടക്കത്തിൽ മാർക്ക് ഒലിവർ കെംഫിലൂടെ കോമോയാണ് ആദ്യം മുന്നിലെത്തിയത്. തോൽവിയോടെ കോമോ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോൾ, 40 പോയിന്റുകളുമായി മിലാൻ രണ്ടാം സ്ഥാനത്ത് തുടരുന്നു.









