ഇറ്റലിക്ക് വേണ്ടി ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് സാംപ്‌ടോറിയയുടെ സൂപ്പർ സ്‌ട്രൈക്കർ ഫാബിയോ ക്വഗ്ലിയരെല്ല. ഇറ്റലിക്ക് വേണ്ടി ഗോളടിക്കുന്ന പ്രായമേറിയ താരമായി ക്വഗ്ലിയരെല്ല. ഇന്ന് ലിച്ചെൻസ്റ്റെയിനെതിരായ യൂറോ യോഗ്യത മത്സരത്തിൽ ഗോളടിക്കുമ്പോൾ 36 വർഷവും 54 ദിവസവുമാണ് ക്വഗ്ലിയരെല്ലയുടെ പ്രായം. നിലവിൽ സീരി എയിലെ ടോപ് സ്കോററാണ് ക്വഗ്ലിയരെല്ല. ഇതിനു മുൻപ് 35 വയസ് പ്രായമുള്ള പനുചിയായിരുന്നു ഇറ്റലിക് വേണ്ടി ഗോളടിച്ച പ്രായമേറിയ താരം.
പ്രായം ഫാബിയോ ക്വഗ്ലിയരെല്ലക്ക് ഒരു പ്രശ്നമല്ലെന്ന ഇറ്റാലിയൻ പരിശീലകൻ റോബർട്ടോ മാൻചിനിയുടെ അഭിപ്രായം അടിവരയിടുന്നതായിരുന്നു ഇന്നത്തെ അദ്ദേഹത്തിന്റെ പ്രകടനം. പത്ത് വർഷത്തിന് ശേഷമാണ് അസൂറികൾക്ക് വേണ്ടി അദ്ദേഹം ഗോളടിക്കുന്നത്. യുവന്റസിന്റെ സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോയെ മറികടന്ന സാംപ്‌ടോറിയയുടെ ക്വഗ്ലിയരെല്ല ഈ സീസണിൽ ഇറ്റലിയിൽ 21 ഗോളുകളാണ് അടിച്ചു കൂട്ടിയത്. ക്രിസ്റ്റിയാനോ റൊണാൾഡോ ലീഗിൽ 19 ഗോളുകൾ മാത്രമാണ് അടിച്ചത്.