ലോകകപ്പ് യോഗ്യതാ റൗണ്ടിലെ നിർണായക മത്സരത്തിൽ ഖത്തറിനെതിരെ ഇന്ത്യക്ക് പരാജയം. വിവാദമായ റഫറി വിധിയാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ഇന്ന് ഖത്തറിൽ വച്ച് നടക്കുന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് ഖത്തർ വിജയിച്ചത്. ഇന്ത്യ 1-0ന് മുന്നിൽ ഇരിക്കെ പിറന്ന വിവാദ ഗോളാണ് ഖത്തറിനെ കളിയിലേക്ക് തിരികെ കൊണ്ടു വന്നതും അവിടെ നിന്ന് അവർ വിജയിച്ചതും. ഖത്തർ വിജയിച്ചതോടെ ഇന്ത്യയുടെ ലോകകപ്പ് യോഗ്യത പ്രതീക്ഷ അസ്തമിച്ചു.
ഇന്ത്യ ആദ്യ പകുതിയിൽ ഗംഭീര പ്രകടനമാണ് നടത്തിയത്. തുടരെ ആക്രമണങ്ങൾ നടത്തി ഖത്തർ പ്രതിരോധത്തെ മുൾമുനയിൽ നിർത്താൻ ഇന്ത്യക്കായി. നിരവധി അവസരങ്ങളിൽ ഇന്ത്യക്ക് ലഭിച്ചിരുന്നു. ഇന്ത്യയുടെ ഫിനിഷിംഗ് മോശമായതുകൊണ്ട് മാത്രമാണ് ആദ്യ പകുതിയിൽ കളി ഒരു ഗോളിൽ ഒതുങ്ങി പോയത്. ചാങ്ങ്ത്തെ മൻവീർ സിംഗ് റഹിം അലി തുടങ്ങിയവരെല്ലാം ഖത്തർ ഡിഫൻസിന് തുടരെ പ്രശ്നങ്ങൾ സൃഷ്ടിച്ചു.
മൺവീർ സിംഗിന്റെ ഒരു ഗംഭീര ഷോട്ട് മികച്ച സേവിലൂടെ ഖത്തർ ഗോൾകീപ്പർ ഷെഹാബ് രക്ഷിച്ചു. ആ ഷോർട്ടിന്റെ റീബൗണ്ടിൽ നിന്ന് ഗോൾ നേടാൻ ചാങ്തെക്ക് അവസരം ഉണ്ടായിരുന്നെങ്കിലും താരത്തിന്റെ ഷോട്ടും ലക്ഷ്യത്തിലെത്തിയില്ല. അതിനുശേഷം ചാങ്തെയുടെ ഒരു പാസിൽ നിന്ന് റഹീൽ അലിക്ക് ഗോൾമുഖത്ത് ഒരു അവസരം കിട്ടിയെങ്കിലും താരത്തിന്റെ ജഡ്ജിങ് പാളി. ഇതും കഴിഞ്ഞാണ് 37ആം മിനിറ്റിൽ ഇന്ത്യയുടെ ആദ്യ ഗോൾ വന്നത്.
ചാങ്തെ ആണ് ഒരു മികച്ച ഫിനിഷിലൂടെ ഖത്തർ വല കുലുക്കിയത്. ഇതിനു ശേഷവും ഇന്ത്യ തന്നെ മികച്ചു നിന്നു. ഈ പ്രകടനം രണ്ടാം പകുതിയിൽ തുടരാൻ ഇന്ത്യക്ക് ആയില്ല. ഇന്ത്യ ഡിഫൻസിൽ ഊന്നിയാണ് രണ്ടാം പകുതിയിൽ കളിച്ചത്. ഖത്തർ അവസരങ്ങൾ സൃഷ്ടിക്കാൻ തുടങ്ങി.
73ആം മിനുട്ടിൽ ഒരു വിവാദ ഗോളിലൂടെ ഖത്തർ സമനില നേടി. ഔട്ട് ലൈൻ കഴിഞ്ഞ് പുറത്ത് പോയ പന്ത് വീണ്ടും കളിയിലേക്ക് എടുത്താണ് ഖത്തർ ഗോൾ നേടിയത്. അയ്മെൻ നേടിയ ഗോൾ അനുവദിക്കാൻ ആകില്ല എന്ന് ഇന്ത്യ പ്രതിഷേധിച്ചു എങ്കിലും ഫലം ഉണ്ടായില്ല. ഇതോടെ സ്കോർ 1-1 എന്നായി.
85ആം മിനുട്ടിൽ ഔട്ട് സൈഡ് ബോക്സിൽ നിന്ന് അൽ റാവി എടുത്ത ഷോട്ടിൽ ഖത്തർ ലീഡ് എടുത്തു. ഇന്ത്യ 2-1ന് പിറകിൽ. ഇതോടെ ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകളും അവസാനിച്ചു.
ഇന്ത്യ ഈ പരാജയത്തോടെ 6 മത്സരങ്ങളിൽ നിന്ന് 5 പോയിന്റുമായി മൂന്നാമത് നിൽക്കുകയാണ്. ഇന്ന് കുവൈറ്റ് അഫ്ഗാനെ തോൽപ്പിച്ച് രണ്ടാം സ്ഥാനത്ത് എത്തി യോഗ്യത നേടി. ഗ്രൂപ്പിലെ ആദ്യ രണ്ട് ടീമുകൾ ആണ് യോഗ്യത റൗണ്ടിന്റെ മൂന്നാം ഘട്ടത്തിലേക്ക് എത്തുക.