ഫ്രഞ്ച് ലീഗിൽ പി എസ് ജിക്ക് ഞെട്ടിക്കുന്ന പരാജയം. ലയണൽ മെസ്സിയും എംബപ്പെയും ഉണ്ടായിട്ടും ഇന്ന് സ്വന്തം ഗ്രൗണ്ടിൽ പി എസ് ജിക്ക് എല്ലാം പിഴച്ചു. റെന്നെ ആണ് പി എസ് ജിയെ തോൽപ്പിച്ചത്. ആദ്യ പകുതിയുടെ അവസാനവും രണ്ടാം പകുതിയുടെ തുടക്കത്തിലും പിറന്ന ഒരോ ഗോളുകളുടെ ബലത്തിൽ ആയിരുന്നു വിജയം. പരിക്ക് കാരണം റാമോസ് ഇന്ന് പി എസ് ജി ഇലവനിൽ ഉണ്ടായിരുന്നില്ല.
45ആം മിനുട്ടിൽ ടൊകോ എകാമ്പി ആണ് റെന്നെക്ക് ലീഡ് നൽകിയത്. ഈ ഗോളിൽ അവർ ആദ്യ പകുതി അവസാനിപ്പിച്ചു. രണ്ടാം പകുതി ആരംഭിച്ച് നിമിഷങ്ങൾക്ക് കലിമുവെന്ദോയും ഡൊണ്ണരുമ്മയെ കീഴ്പ്പെടുത്തി. സ്കോർ 2-0. പിന്നീട് മെസ്സിയും എംബപ്പെയും നിരന്തരം കളിയിലേക്ക് തിരികെവരാൻ ശ്രമിച്ചു എങ്കിലും പി എസ് ജിക്ക് ഫൈനൽ തേർഡിൽ തുറന്ന അവസരങ്ങൾ സൃഷ്ടിക്കാൻ ആയില്ല.
പരാജയപ്പെട്ടു എങ്കിലും ഇപ്പോഴും പി എസ് ജി തന്നെയാണ് ഒന്നാമത് നിൽക്കുന്നത്. 28 മത്സരങ്ങളിൽ നിന്ന് 66 പോയിന്റുമായി പി എസ് ജി ലീഗിൽ 9 പോയിന്റിന്റെ ലീഡിൽ നിൽക്കുന്നു. റെന്നെ 50 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്.