പി എസ് ജിക്ക് തുടർച്ചയായ രണ്ടാം മത്സരത്തിലും പരാജയം. ഇന്ന് ലീഗിൽ മൊണോക്കോയെ നേരിട്ട പി എസ് ജി ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വലിയ പരാജയം ആണ് ഏറ്റുവാങ്ങിയത്. പരിക്ക് കാരണം ലയണൽ മെസ്സിയും എംബപ്പെയും ഇന്ന് പി എസ് ജിക്ക് ഒപ്പം ഉണ്ടായിരുന്നില്ല. നെയ്മർ ആദ്യ ഇലവനിൽ ഉണ്ടായിരുന്നു എങ്കിലും ബ്രസീലിയൻ താരത്തിന് അത്ഭുതങ്ങൾ ഒന്നും കാണിക്കാൻ ആയില്ല.
ഇന്ന് മത്സരം ആരംഭിച്ച് 18 മിനുട്ടുകൾക്ക് അകം തന്നെ മൊണാക്കോ രണ്ടു ഗോളുകൾക്ക് മുന്നിൽ എത്തി. നാലാം മിനുട്ടിൽ ഗോളൊവിനും 18ആം മിനുട്ടിൽ ബെൻ യെദറും ആണ് മൊണാക്കോയ്ക്ക് വേണ്ടി ഗോൾ നേടിയത്. 36ആം മിനുട്ടിൽ യുവതാരം സൈറി എമെരി പി എസ് ജിക്ക് വേണ്ടി ഒരു ഗോൾ മടക്കി എങ്കിലും പി എസ് ജിയുടെ പോരാട്ടം അവിടെ അവസാനിപ്പിച്ചു. 45ആം മിനുട്ടിൽ ബെൻ യെദർ വീണ്ടും ഗോൾ നേടിയതോടെ മൊണാക്കോ വിജയം ഉറപ്പിച്ചു.
ഈ പരാജയത്തിനു ശേഷവും പി എസ് ജി ലീഗിൽ ഒന്നാമതുണ്ട്. പി എസ് ജിക്ക് 54 പോയിന്റ് ആണുള്ളത്. രണ്ടാമതുള്ള മൊണാക്കോ ഈ ജയത്തോടെ 47 പോയിന്റിൽ എത്തി.