പി എസ് ജി യുടെ കരുത്തിനെ മറികടന്ന് റെന്നസിന് കോപ്പ ഡെ ഫ്രാൻസ് കിരീടം.2 ഗോളുകൾക്ക് പിറകിൽ പോയ ശേഷം ശക്തമായ തിരിച്ചു വരവ് നടത്തിയാണ് റെന്നസ് പെനാൽറ്റി ഷൂട്ട് ഔട്ടിന് ഒടുവിൽ കിരീടം സ്വന്തമാക്കിയത്. 2014 ന് ശേഷം ആദ്യമായാണ് ഈ കിരീടം പി എസ് ജി അല്ലാതെ വേറൊരു ടീം നേടുന്നത്. മത്സരത്തിൽ എംബപ്പേ ചുവപ്പ് കാർഡ് കണ്ട് പുറത്തായി.
നെയ്മർ നടത്തിയ മികച്ച പ്രകടനമാണ് 2 ഗോളുകൾക്ക് ഫ്രഞ്ച് ചാംപ്യന്മാരെ മുന്നിൽ എത്തിച്ചത്. 13 ആം മിനുട്ടിൽ ഡാനി ആൽവസിന്റെ ഗോളിന് വഴി ഒരുക്കിയ നെയ്മർ 22 ആം മിനുട്ടിൽ ഗോളും നേടി. പക്ഷെ 40 ആം മിനുട്ടിൽ കിംബപ്പേ സമ്മാനിച്ച സെൽഫ് ഗോൾ റെന്നസിന് മസരത്തിൽ തിരിച്ചെത്താനുള്ള ആദ്യ ഊർജമായി. 66 ആം മിനുട്ടിൽ മെക്‌സർ ഹോൾ നേടിയതോടെ സ്കോർ 2-2 . മത്സരം സമനിലയിലേക് നീങ്ങിയതോടെ 118 ആം മിനുട്ടിൽ അപകടകരമായ ഫൗൾ നടത്തിയതിന് റഫറി എംബപ്പേയെ ചുവപ്പ് കാർഡ് നൽകി പുറത്താക്കി.
പെനാൽറ്റി ഷൂട്ട്ഔട്ടിൽ ആദ്യത്തെ 5 കിക്കുകളും ഇരു ടീമുകളും ലക്ഷ്യത്തിൽ എത്തിച്ചു. റെന്നസിന്റെ ആറാം കിക്ക് അവർ ലക്ഷ്യത്തിൽ എത്തിച്ചെങ്കിലും പി എസ് ജി യുടെ ആറാം കിക്കെടുത്ത എൻകുങ്കുവിന് പിഴച്ചതോടെ കിരീടം റെന്നസിന്. ചാമ്പ്യൻസ് ലീഗിന് പിന്നാലെ ഈ കിരീടവും നഷ്ടപ്പെടുത്തിയതോടെ പി എസ് ജി പരിശീലകൻ ടോമസ് ടൂഹലിന്റെ ഭാവിയും തുലാസിലായി.