ആൻഫീൽഡിൽ ആവേശ പോരാട്ടത്തിനൊടുവിൽ ലിവർപൂളിന് സ്പർസിനെതിരെ സമനില. 2-2 നാണ് സ്പർസ് ആൻഫീൽസിൽ നാടകീയ സമനില നേടിയത്. രണ്ടു പെനാൽറ്റിയും രണ്ട് ലോകോത്തര ഗോളുകളും പിറന്ന മത്സരം റഫറിമാരുടെ തീരുമാനങ്ങൾകൊണ്ടും വിവാദമായി. 51 പോയിന്റുള്ള ലിവർപൂൾ മൂന്നാം സ്ഥാനത്ത് തുടരും. പക്ഷെ നാളെ ചെൽസി ജയിച്ചാൽ അവർക്ക് മൂന്നാം സ്ഥാനത്തേക്ക് എത്താനാവും. 49 പോയിന്റുള്ള സ്പർസ് അഞ്ചാം സ്ഥാനത്താണ്.
ഡിഫെണ്ടർ വിർജിൽ വാൻ ഡയ്ക്ക് ആദ്യ ഇലവനിൽ മടങ്ങിയെത്തിയപ്പോൾ മാറ്റിപിനെ ക്ളോപ്പ് ബെഞ്ചിൽ ഇരുത്തി. മധ്യനിരയിൽ ചാനൊപ്പം ഹെൻഡേഴ്സണും മിൽനറും ഇടം നേടി. സ്പർസിൽ പതിവ് പോലെ കെയ്ൻ, സോണ്, അലി സഖ്യമാണ് ആക്രമണ നിരയിൽ അണി നിരന്നത്. മത്സരം തുടങ്ങി മൂന്നാം മിനുട്ടിൽ തന്നെ ലിവർപൂൾ മുന്നിലെത്തി. എറിക് ഡയറിന്റെ പിഴവ് മുതലെടുത്ത് സലാഹാണ് ഗോൾ നേടിയത്. ഗോൾ വഴങ്ങിയതോടെ സ്പർസ് ഉണർന്ന് കളിച്ചതോടെ മത്സരം ആവേഷകരമായി ആദ്യ പകുതി അവസാനിച്ചു.
രണ്ടാം പകുതി മാറ്റങ്ങൾ ഇല്ലാതെയാണ് ഇരു ടീമുകളും ഇറങ്ങിയത്. പക്ഷെ 65 മിനുറ്റ് പിന്നിട്ടപ്പോൾ ക്ളോപ്പ് ഹെൻഡേഴ്സൻ, മാനെ എന്നിവരെ പിൻവലിച്ചു വൈനാൽടം, ഓക്സലൈഡ് ചേമ്പർലൈൻ എന്നിവരെ കളത്തിൽ ഇറക്കി. സ്പർസ് ഡേവിസൻ സാഞ്ചസിനെ മാറ്റി എറിക് ലമേലയെയും കളത്തിൽ ഇറക്കിയെങ്കിലും 79 ആം മിനുട്ടിൽ ഡെംബലേക്ക് പകരക്കാരനായി ഇറങ്ങിയ വിക്ടർ വെന്യാമയാണ് സ്പർസിന്റെ രക്ഷകനായത്. ഇറങ്ങി ഒരു മിനുറ്റ് പിന്നീടും മുൻപ് വെന്യാമ സ്പർസിന്റെ സമനില ഗോൾ കണ്ടെത്തി. ബോക്സിന് പുറമെ നിന്ന് വെന്യാമ തൊടുത്ത ബുള്ളെറ്റ് ഷോട്ട് ലിവർപൂൾ ഗോൾ കീപ്പർ കാരിയസിന് തടുക്കാവുന്നതിലും അപ്പുറമായിരുന്നു. 86 ആം മിനുട്ടിലാണ് മത്സരത്തിലെ വിവാദ നിമിഷമുണ്ടായത്. ബോക്സിൽ കെയ്‌നെ ലിവർപൂൾ ഗോളി കാരിയസ് വീഴ്ത്തിയതിന് റഫറി സ്പർസിന് പെനാൽറ്റി അനുവദിച്ചു. കെയ്ൻ ഓഫ് സൈഡ് ആയിരുന്നെന്ന് ലിവർപൂൾ താരങ്ങൾ വാദിച്ചെങ്കിലും റഫറി പെനാൽറ്റി തീരുമാനത്തിൽ ഉറച്ചു. പക്ഷെ കിക്കെടുത്ത കെയ്‌നിന് പിഴച്ചപ്പോൾ കാരിയസ് തടുത്തു.
പക്ഷെ കളി അവസാനിച്ചു എന്ന ഘട്ടത്തിൽ വീണ്ടും സലാഹ് മാജിക് പിറന്നു. ഇത്തവണ സ്പർസ് പ്രതിരോധത്തെ മികച്ച ഡ്രിബിളിലൂടെ സലാഹ് മറികടന്ന് നേടിയ ഗോൾ ലീഗിൽ ഈ സീസണിൽ പിറന്ന ഏറ്റവും മികച്ച ഗോളുകളിൽ ഒന്നായിരുന്നു. ആ ഗോളോടെ ലിവർപൂൾ സ്കോർ 2-1 ആക്കി മത്സരം സ്വന്തമാക്കി എന്ന ഘട്ടത്തിൽ സ്പർസിനെ തേടി വീണ്ടും ഭാഗ്യമെത്തി. ഇത്തവണ എറിക് ലമേലയെ വാൻ ഡയ്ക്ക് ചവിട്ടിയത് റഫറി കണ്ടില്ലെങ്കിലും ലൈൻസ് മാൻ പെനാൽറ്റി വിധിച്ചു. ഇത്തവണ കിക്കെടുത്ത കെയ്ൻ പിഴവില്ലാത്ത പന്ത് വലയിലാക്കിയതോടെ മത്സരം സമനിലയിൽ 2-2 ന് അവസാനിച്ചു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial