സെൽറ്റിക് പരിശീലകൻ ആഞ്ച് പൊസെകൊഗ്ലുവുമായി ടോട്ടനം ധാരണയിൽ എത്തിയതായി ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ ഓസ്‌ട്രേലിയൻ കോച്ച് തന്നെ സ്പർസിന് തന്ത്രങ്ങൾ ഓതാൻ എത്തുമെന്ന് ഏകദേശം ഉറപ്പായി. സെൽറ്റിക്കിന്റെ കപ്പ് ഫൈനൽ മത്സരം ശേഷം മാത്രമേ പൊസെകൊഗ്ലുവിന് വേണ്ടിയുള്ള ടോട്ടനം നീക്കങ്ങൾ പരസ്യമായി ഉണ്ടാവുകയുള്ളൂ എന്നുറപ്പായിരുന്നു. കോച്ചുമായി ധാരണയിൽ എത്തിയതോടെ ഇനി ടോട്ടനത്തിന് സെൽറ്റിക്കുമായും ധാരണയിൽ എത്തേണ്ടതായുണ്ട്. കോച്ചിന് സെൽറ്റിക്കിൽ ഒരു വർഷത്തേക്ക് കൂടി കരാർ ബാക്കിയുണ്ടെന്നാണ് സൂചന.
കഴിഞ്ഞ ദിവസം കപ്പ് മത്സരവും വിജയിച്ച് കൊണ്ട് പൊസെകൊഗ്ലു ഡൊമെസ്റ്റിക് ഡബിൾ സെൽറ്റിക്കിനൊപ്പം നേടിയിരുന്നു. സ്‌കോട്ടിഷ് ലീഗിൽ മികച്ച പ്രകടനം പുറത്തെടുക്കുന്ന കോച്ചുമായി ടോട്ടനം കഴിഞ്ഞ വാരങ്ങളിലാണ് ബന്ധപ്പെടുന്നത്. നാഗൽസ്മാൻ അടക്കം പല കോച്ചുമാരുടെ പേരും പരിഗണനയിൽ വന്നെങ്കിലും പലരുമായും ചർച്ചകൾ വേണ്ട വിധം മുന്നോട്ടു പോയില്ല. പിന്നീടാണ് ഓസ്‌ട്രേലിയൻ കോച്ചിൽ ടോട്ടനത്തിന്റെ കണ്ണെത്തുന്നത്. പൊസെകൊഗ്ലുവുമായി രണ്ടു വർഷത്തെ കരാറിൽ ആണ് സ്പർസ് ധാരണയിൽ എത്തിയതെന്ന് റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഇത് മറ്റൊരു വർഷത്തേക്ക് കൂടി നീട്ടാനുള്ള സാധ്യതയും കരാറിൽ ഉണ്ടാവും.