Picsart 23 04 23 20 15 36 298

ആദ്യ 20 മിനുട്ടിനുള്ളിൽ തന്നെ 5 ഗോളുകൾ!! സ്പർസിന്റെ കഥകഴിച്ച് ന്യൂകാസിൽ യുണൈറ്റഡ്

ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കുന്നതിൽ നിർണായകമായ പോരാട്ടത്തിൽ ന്യൂകാസിൽ യുണൈറ്റഡ് സ്പർസിനെ തകർത്തെറിഞ്ഞു. ഇന്ന് സെന്റ് ജെയിംസ് പാർക്കിൽ 6-1ന്റെ വമ്പൻ വിജയമാണ് ന്യൂകാസിൽ യുണൈറ്റഡ് നേടിയത്. പൊരുതി നിൽക്കാൻ പോലും സ്പർസിന് ആയില്ല. ഇന്ന് മത്സരം ആരംഭിച്ച് 21 മിനുട്ടിലേക്ക് ന്യൂകാസിൽ 5 ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു‌.

സ്പർസ് കണ്ണടച്ച് തുറക്കും മുമ്പ് അവർക്ക് കളി കൈവിട്ട അവസ്ഥ ആയിരുന്നു. രണ്ടാം മിനുട്ടിൽ ജേക്കബ് മർഫിയുടെ ഗോളിലൂടെ ആണ് ന്യൂകാസിൽ ഗോൾ വേട്ട തുടങ്ങിയത്. ആറാം മിനുട്ടിൽ ജോലിംഗ്ടണിലൂടെ ഹോം ടീമിന്റെ രണ്ടാം ഗോൾ. 9ആം മിനുട്ടിൽ വീണ്ടും ജേക്കബ് മർഫിയുടെ ഫിനിഷ്. ലോറിസിന് ഗോൾ വലയിൽ നിന്ന് പന്ത് പെറുക്കാനെ സമയം ഉണ്ടായിരുന്നുള്ളൂ‌.

19ആം മിനുട്ടിൽ 21ആം മിനുട്ടിലും ഇസാക് ഗോളുകൾ നേടിയതോടെ ന്യൂകാസിൽ 5-0ന് മുന്നിൽ. ന്യൂകാസിൽ ആരാധകർ പോലും സ്വപനത്തിലാണോ എന്ന് സംശയിച്ചു പോയ നിമിഷം. ഈ ഗോളിന് ശേഷം ന്യൂകാസിൽ കളിയുടെ വേഗത കുറച്ചു. ആദ്യ പകുതിയിൽ 5-0 എന്ന നിലയിൽ കളി തുടർന്നു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ഹാരി കെയ്നിലൂടെ സ്പർസ് ഒരു ഗോൾ മടക്കി. പക്ഷെ ഇത് ഒരു ആശ്വാസം പോലും സ്പർസിന് നൽകിയില്ല. സബ്ബായി എത്തിയ കാലം വിൽസൺ 67ആം മിനുട്ടിൽ ന്യൂകാസിലിന്റെ ആറാം ഗോൾ കണ്ടെത്തി. ഈ വിജയത്തോടെ ന്യൂകാസിൽ 59 പോയിന്റുമായി മൂന്നാം സ്ഥാനത്ത് എത്തി. സ്പർസ് 53 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്‌.

Exit mobile version