2016 ഇൽ ജെസി ലിംഗാർഡിന് മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ കരാർ നൽകിയപ്പോൾ നെറ്റി ചുളിച്ചവരിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫാൻസിൽ ചിലരും ഉണ്ടായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് ആകാദമിയിലൂടെ വളർന്നു വന്ന താരം ക്ലബ്ബിനായി ധാരാളം മത്സരങ്ങൾ കളിച്ചിട്ടും കാര്യമായ സ്വാധീനം ചെലുത്താത്ത സാഹചര്യത്തിൽ ആഴ്ചയിൽ ഒരു ലക്ഷം പൗണ്ടിന്റെ ശമ്പളം അടക്കമുള്ള വമ്പൻ കോണ്ട്രാക്റ്റ് നൽകിയതിനെ പലരും വിമർശിച്ചപ്പോൾ ലിംഗാർഡിന്റെ കഴിവിൽ പൂർണ്ണ വിശ്വാസം രേഖപ്പെടുത്തിയ മൗറീഞ്ഞോക്ക് താരം ഈ സീസണിൽ തന്റെ പ്രകടനംകൊണ്ട് പകരം നൽകുകയാണ്. മൗറീഞ്ഞോക്ക് കീഴിൽ ഏറ്റവും മികവ് ഉയർത്തിയ കളിക്കാരൻ ആരെന്ന് ചോദിച്ചാൽ അത് ജെസീ ലിംഗാർഡാണ്. ഈ സീസണിൽ നിർണായക ഗോളുകൾ നേടി പലപ്പോഴും ടീമിനെ രക്ഷിച്ച ലിംഗാർഡ് സീസണിൽ ഇതുവരെ 11 ഗോളുകളും 4 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.
ലിംഗാർഡിന് മാഞ്ചസ്റ്റർ യുണൈറ്റഡ് സീനിയർ ടീമിൽ അരങ്ങേറ്റം നൽകിയ സാക്ഷാൽ സർ അലക്‌സ് ഫെർഗൂസന്റെ പ്രവചനത്തെ പിന്തുണക്കുന്ന പ്രകടനമാണ് താരം ഇപ്പോൾ പുറത്തെടുക്കുന്നത്. ലിംഗാർഡ് 24 വയസ്സ് പിന്നിടുമ്പോൾ തന്റെ മൂല്യം വെളിപ്പെടുത്തും എന്നാണ് 6 വർഷങ്ങൾക്ക് മുൻപ് ഫെർഗി പ്രവചിച്ചത്. ഡിസംബർ 15 ന് 25 പൂർത്തിയായ ലിംഗാർഡ് ഇന്ന് പ്രീമിയർ ലീഗിലെ തന്നെ ഈ സീസണിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി. ലിംഗാർഡ് യുണൈറ്റഡ് ജേഴ്സി അണിയാൻ മാത്രം ശേഷിയുള്ള കളികാരനാണോ എന്ന് സംശയം പ്രകടിപ്പിച്ചവരെയെല്ലാം നിശ്ശബ്ദമാക്കി ലിംഗാർഡ് തന്റെ കുതിപ്പ് തുടരുകയാണ്. നേരത്തെ എഫ് എ കപ്പിലും ലീഗ് കപ്പിലും ഫൈനൽ ഗോൾ നേടിയിട്ടുണ്ടെങ്കിലും വെംബ്ലിക്ക് പുറത്ത് കാര്യമായ ചലനമുണ്ടാക്കാൻ താരത്തിനായിരുന്നില്ല. ഇത്തവണ തുടക്കത്തിൽ ആദ്യ ഇലവനിൽ ഇടം ഇല്ലാതിരുന്ന താരത്തിന് മികിതാര്യന്റെ ഫോം ഇല്ലായ്മ അനുഗ്രഹമാവുകയായിരുന്നു. സ്റ്റാർ സ്‌ട്രൈക്കർ ലുകാക്കു ഗോൾ കണ്ടെത്താൻ വിഷമിച്ചപ്പോൾ മൗറീഞ്ഞോക്ക് അനുഗ്രഹമായത് പലപ്പോഴും ലിംഗാർഡിന്റെ ഗോളുകളായിരുന്നു.
തന്റെ 8 ആം വയസ്സിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിൽ എത്തിയ ലിംഗാർഡ് 2011 വരെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിവിധ യൂത്ത് ടീമുകളിൽ അംഗമായിരുന്നു. 2011 ഇൽ സീനിയർ ടീമിൽ അരങ്ങേറിയ ലിംഗാർഡ് പിന്നീട് ലെസ്റ്റർ, ബർമിങ്ഹാം, ബ്രയ്ട്ടൻ, ഡെർബി കഡ്രി തുടങ്ങിയ ടീമുകൾക്കായി ലോൺ അടിസ്ഥാനത്തിൽ കളിച്ചു. 2014-2015 സീസൺ മുതൽ സീനിയർ ടീമിൽ സ്ഥിരം അംഗമായ ലിംഗാർഡിന് പലപ്പോഴും ഒരു സ്കോഡ് പ്ലെയർ റോളായിരുന്നു. ആക്രമണ നിരയിൽ കളിക്കുമ്പോഴും ഗോളുകൾ കണ്ടെത്തുന്നില്ല എന്നതായിരുന്നു ലിംഗാർഡിനെതിരെയുള്ള പ്രധാന വിമർശനം. ഈ സീസണിൽ ഗോളുകൾ കണ്ടെത്തി തുടങ്ങിയതോടെ ക്ലാസ് ഓഫ് 92 ന് ശേഷം യുണൈറ്റഡിന്റെ സ്വന്തം താരമായി വരും നാളുകളിൽ ലിംഗാർഡ് ഓൾഡ് ട്രാഫോഡിൽ ഉണ്ടാവുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. യുണൈറ്റഡ് ആരാധകർ തമാശയെന്നോണം ‘മെസ്സി ലിംഗാർഡ്’ എന്ന് വിളിക്കുന്ന താരത്തിന് പക്ഷെ ഇനിയും ഒരുപാട് മെച്ചപ്പെടാനാവും എന്നത് ഉറപ്പാണ്
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial