വെംബ്ലിയിൽ എവർട്ടനെ നാണം കെടുത്തി സ്പർസിന് മികച്ച ജയം. എതിരില്ലാത്ത 4 ഗോളുകൾക്കാണ് സ്പർസ് ബിഗ് സാമിന്റെ ടീമിനെ മറികടന്നത്. ഹാരി കെയ്ൻ 2 ഗോളുകൾ.നേടിയ മത്സരത്തിൽ സോണ്, എറിക്സൻ എന്നിവരാണ് സ്പർസിന്റെ മറ്റു ഗോളുകൾ നേടിയത്. ഇന്നത്തെ 2 ഗോൾ നേട്ടത്തോടെ സ്പർസിന്റെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരൻ എന്ന റെക്കോർഡ് ഹാരി കെയ്ൻ സ്വന്തമാക്കി. നിലവിൽ സ്പർസിനായി 98 ഗോളുകൾ നേടിയ കെയ്ൻ ടെഡി ഷെറിങ്ഹാമിന്റെ 97 ഗോളുകൾ എന്ന റെക്കോർഡാണ് മറികടന്നത്.
പുതിയ സൈനിങ് ടോസൂന് ആദ്യ ഇലവനിൽ തന്നെ എവർട്ടൻ അവസരം നൽകിയെങ്കിലും താരമടക്കമുള്ളവർക്ക് സ്പർസിനെതിരെ കാര്യമായി ഒന്നും ചെയ്യാനായില്ല. ബിഗ് സാമിന് കീഴിൽ പ്രതിരോധത്തിൽ കരുത്ത് കാണിക്കുന്ന എവർട്ടൻ പക്ഷെ ഇത്തവണ വെംബ്ലിയിൽ തകർന്നടിയുന്നതാണ് കണ്ടത്. ആദ്യ പകുതിയിൽ സോണിന്റെ ഗോളിൽ മുന്നിലെത്തിയ സ്പർസ് രണ്ടാം പകുതിയിൽ കെയ്‌നിന്റെയും എറിക്സന്റെയും ഗോളുകളിൽ ലീഡ് നാലാക്കി ഉയർത്തുകയായിരുന്നു. അലിയും എറിക്സണും അടക്കമുള്ള മധ്യനിരയും മികച്ച പ്രകടനമാണ് സ്പർസിനായി നടത്തിയത്. ഇന്നത്തെ ജയത്തോടെ 44 പോയിന്റുള്ള സ്പർസ് അഞ്ചാം സ്ഥാനത്താണ്. 27 പോയിന്റുള്ള എവർട്ടൻ ഒൻപതാം സ്ഥാനത്ത് തുടരും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial