നല്ല ഒന്നാം തരം ജയത്തോടെ ചെൽസിയും അന്റോണിയോ കോണ്ടേയും പ്രീമിയർ ലീഗിൽ വിജയ വഴിയിൽ തിരിച്ചെത്തി. ഈഡൻ ഹസാർഡിന്റെ മിന്നും ഫോമിന്റെ പിൻബലത്തിൽ എതിരില്ലാത്ത 3 ഗോളിനാണ് നീല പട വെസ്റ്റ് ബ്രോമിനെ തോൽപിച്ചത്. ഈഡൻ ഹസാർഡ് 2 ഗോളുകൾ നേടിയപ്പോൾ മറ്റൊരു ഗോൾ വിക്ടർ മോസസിന്റെ വകയായിരുന്നു. ജയത്തോടെ 53 പോയിന്റുള്ള ചെൽസി ലീഗിൽ നാലാം സ്ഥാനത്ത് തിരിച്ചെത്തി.
കാഹിൽ, ലൂയിസ്, എന്നിവരെ പുറത്തിരുത്തിയ കോണ്ടേ ക്രിസ്റ്റിയൻസൻ, റൂഡിഗർ എന്നിവരെ ആദ്യ ഇലവനിലേക്ക് തിരിച്ചെത്തിച്ചു. ഒലിവിയെ ജിറൂദും ആദ്യമായി ചെൽസി സ്റ്റാർട്ടിങ് ഇലവനിൽ ഇടം നേടി. പരിക്കേറ്റ് ഏറെ നാളായി പുറത്തിരുന്ന മൊറാത്ത ബെഞ്ചിൽ തിരിച്ചെത്തി. മത്സരത്തിന്റെ തുടക്കത്തിൽ വെസ്റ്റ് ബ്രോം മികച്ച രീതിയിലാണ് കളി തുടങ്ങിയത് എങ്കിലും ചെൽസി പതിയെ താളം കണ്ടെത്തുകയായിരുന്നു. 25 ആം മിനുട്ടിലാണ് ചെൽസി ആദ്യ ഗോൾ നേടിയത്. ജിറൂദ്- ഹസാർഡ് സഖ്യം നടത്തിയ മനോഹര നീക്കത്തിനൊടുവിൽ ഹസാർഡ് ചെൽസിയെ മുന്നിൽ എത്തിക്കുകയായിരുന്നു.
രണ്ടാം പകുതിയിൽ ക്രിസ് ബ്രൂന്റിന് പകരം ബർക്കിനെ ഇറക്കിയാണ് വെസ്റ്റ് ബ്രോം ഇറങ്ങിയത്. സോളമൻ റോണ്ടോണിലൂടെ വെസ്റ്റ് ബ്രോമിന് മികച്ച അവസരം ലഭിച്ചെങ്കിലും ചെൽസി ഗോളി കുർട്ടോയുടെ സേവ് ചെൽസിക്ക് രക്ഷയായി. പക്ഷെ 63 ആം മിനുട്ടിൽ മോസസിലൂടെ ചെൽസി ലീഡ് ഉയർത്തി. 71 ആം മിനുട്ടിലാണ് ചെൽസിയുടെ മൂന്നാം ഗോൾ ഹസാർഡ് നേടിയത്. മൊറാത്തയുടെ പാസ്സിൽ ഹസാർഡിന്റെ ഇടം കാലൻ ഷോട്ട് നോക്കി നിൽക്കാൻ മാത്രമാണ് വെസ്റ്റ് ബ്രോം ഗോളികായത്.
ചാംപ്യൻസ് ലീഗിൽ ബാഴ്‌സയെ നേരിടും മുൻപ് ഫോം വീണ്ടെടുക്കാനായത് ചെൽസിക്ക് വലിയ ആശ്വാസമാവും. കോണ്ടേക്കും തന്റെ മേലുള്ള സമ്മർദം കുറക്കാൻ ഈ ജയത്തോടെ സാധ്യമാവും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial