പ്രീമിയർ ലീഗിൽ വിന്റർ ബ്രേക്ക് വന്നേക്കും. യൂറോപ്പിലെ മറ്റു ലീഗുകളിൽ ക്രിസ്തുമസ് സമയത്തു കളികൾ മാറ്റി വെക്കുന്നത് പോലെ വൈകാതെ ഇംഗ്ലണ്ടിലും ഈ സമ്പ്രദായം വന്നേക്കും എന്നാണ് റിപ്പോർട്ടുകൾ. ഇടവേളകളില്ലാതെ തുടർച്ചയായ മത്സരങ്ങൾ കളിക്കുന്നത് യൂറോപ്പ്യൻ ചാമ്പ്യൻഷിപ്പുകളിൽ ഇംഗ്ലീഷ് ക്ലബ്ബ്കളുടെ പ്രകടനത്തെ പ്രതികൂലമായി ബാധിക്കുന്നു എന്ന് നിരന്തരം പറയുന്ന പരിശീലകർക്ക് ആശ്വാസമാവുന്ന വാർത്തയാണ് വരുന്നത്. പെപ്പ് ഗാർഡിയോളയും, ജോസ് മൗറീഞ്ഞോയും ഇത്തരം മത്സര ക്രമത്തിനെതിരെ പരസ്യമായി തന്നെ രംഗത്ത് വന്നിരുന്നു. 2019 മുതൽ 2022 വരെയുള്ള പ്രീമിയർ ലീഗ് ടെലികാസ്റ്റ് ലേലം ചെയ്യാനിരിക്കെ ചാനലുകൾക്കുള്ള നിബന്ധനകളിൽ ഫിക്‌സ്ച്ചറിൽ വരാവുന്ന നിർണായക മാറ്റങ്ങളും പ്രീമിയർ ലീഗ് അധികൃതർ ഉള്പെടുത്തിയതായാണ് വിവരം.
ഏറെ പ്രശസ്തമായ ബോക്സിങ് ഡേ മത്സര ക്രമത്തിൽ മാറ്റം വരാതെയാവും പ്രീമിയർ ലീഗിൽ വിശ്രമ ദിവസങ്ങൾ അനുവദിക്കുക. ജനുവരി അവസാന വാരങ്ങളിൽ നടക്കുന്ന എഫ് എ കപ്പ് മത്സരങ്ങൾക്കിടയിലുള്ള പ്രീമിയർ ലീഗ് മത്സരങ്ങൾ ഒഴിവാക്കിയാവും ഇടവേള അവതരിക്കപ്പെടുക. ഡിസംബറിലെ ജനുവരിയിലും കടുത്ത മത്സരങ്ങൾ കഴിഞ്ഞ ശേഷം ഫെബ്രുവരിയിൽ ചാംപ്യൻസ് ലീഗ് നോകൗട്ട് മത്സരങ്ങൾ കളിക്കുന്ന പ്രീമിയർ ലീഗ് ടീമുകൾക്ക് സമീപ കാലത്തായി ചാംപ്യൻസ് ലീഗിൽ കാര്യമായ പ്രകടനങ്ങൾ നടത്താനാവാതെ പോയിരുന്നു. വിന്റർ ബ്രേക്ക് അനുവധിക്കുകയാണെങ്കിൽ ഇതിൽ കാര്യമായ മാറ്റിങ്ങൾ ഉണ്ടായേക്കും. പക്ഷെ ചാനലുകൾ എടുക്കുന്ന നിലപാടും ഇതിൽ നിർണായകമായേക്കും. ഏതായാലും പുതിയ സംപ്രേക്ഷണാവകാശം പ്രഖ്യാപിക്കുമ്പോൾ വിന്റർ ബ്രേക്കും വന്നേക്കും എന്നാണ് പ്രീമിയർ ലീഗ് ടീമുകളുടെ പ്രതീക്ഷ.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial