മാഞ്ചസ്റ്റർ സിറ്റിയുടെ പ്രീമിയർ ലീഗിലെ മികച്ച ഫോം തുടരുന്നു. വെസ്റ്റ് ബ്രോമിനെ എതിരില്ലാത്ത 3 ഗോളുകൾക്കാണ് പെപ്പിന്റെ ടീം മറികടന്നത്. സിറ്റിക്കായി ഫെർണണ്ടിഞ്ഞോ, ഡു ബ്രെയ്‌നെ, അഗ്യൂറോ എന്നിവരാണ് ഗോളുകൾ നേടിയത്. ജയത്തോടെ 68 പോയിന്റുള്ള സിറ്റി രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ യൂണൈറ്റഡുമായുള്ള പോയിന്റ് വിത്യാസം 15 പോയിന്റായി ഉയർത്തി.
അസുഖം ബാധിച്ച ജോണ് സ്റ്റോൻസിന്റെ പകരം 2 ദിവസം മുൻപ് മാത്രം ക്ലബ്ബിലെത്തിയ ലപോർട്ടേക്ക് അവസരം നൽകിയ പെപ്പിന് 19 ആം മിനുട്ടിൽ തന്നെ ആദ്യ ഗോൾ കണ്ടെത്താനായി. ഡു ബ്രെയ്‌നയുടെ പാസ്സിൽ ഫെർണാണ്ടിഞ്ഞോ ഗോൾ നേടിയതോടെ സിറ്റി മത്സരത്തിൽ പിടി മുറുക്കി. 39 ആം മിനുട്ടിൽ ഡേവിഡ് സിൽവ പരിക്കേറ്റ് പുറത്തായെങ്കിലും അതൊന്നും സിറ്റിയുടെ ആക്രമണത്തെ ബാധിച്ചില്ല. ഗുണ്ടകനാണ് പകരം ഇറങ്ങിയത്. രണ്ടാം പകുതിയിൽ 68 ആം മിനുട്ടിൽ സ്റെർലിംഗിന്റെ പാസ്സ് ഗോളാക്കി ഡു ബ്രെയ്‌നെ സിറ്റിയുടെ രണ്ടാം ഗോളും നേടി. ഈ ഗോളോടെ ഈ സീസണിലെ എല്ലാ ടൂർണമെന്റിലുമായി സിറ്റി 100 ഗോൾ പൂർത്തിയാക്കി. 89 ആം മിനുട്ടിൽ സ്റ്റർലിങ്ങിന്റെ തന്നെ പാസിൽ അഗ്യൂറോ സിറ്റിയുടെ ഗോൾ വേട്ട പൂർത്തിയാക്കി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial