ഗോൾ വരാൾച്ചക്ക് അവസാനം കുറിച്ച ചെൽസിക്ക് പ്രീമിയർ ലീഗിൽ ഈ വർഷത്തെ ആദ്യ ജയം. എതിരില്ലാത്ത 4 ഗോളുകൾക്കാണ് അവർ ബ്രയ്ട്ടനെ തകർത്തത്. ചെൽസിക്കായി ഈഡൻ ഹസാർഡ് രണ്ട് ഗോളുകൾ നേടിയപ്പോൾ വില്ലിയൻ, മോസസ് എന്നിവരാണ് മറ്റു ഗോളുകൾ നേടിയത്.
കാഹിൽ, ഫാബ്രിഗാസ്, മൊറാത്ത എന്നിവരില്ലാതെ ഇറങ്ങിയ ചെൽസി ടീമിൽ ബാത്ശുവായി, വില്ലിയൻ, റൂഡിഗർ എന്നിവർ ഇടം നേടി. മത്സരത്തിന്റെ മൂന്നാം മിനുട്ടിൽ തന്നെ ലീഡ് നേടി. മോസസിന്റെ പാസ്സ് ബ്രയ്ട്ടൻ പ്രതിരോധകാരന്റെ കാലിൽ തട്ടി ലഭിച്ചത് ഹസാർഡിന്. ഹസാർഡിന്റെ മികച്ച ഷോട്ട് തടസമൊന്നും ഇല്ലാതെ വലയിൽ പതിച്ചു. ഏറെ വൈകാതെ ആറാം മിനുട്ടിൽ ചെൽസി വില്ലിയനിലൂടെ ലീഡ് രണ്ടാക്കി. ഇത്തവണ മികച്ച പാസ്സിങ്ങിനൊടുവിൽ വില്ലിയൻ ലീഡ് ഉയർത്തി. പക്ഷെ പിന്നീട് ബ്രയ്ട്ടൻ മികച്ച മുന്നേറ്റങ്ങൾ നടത്തി ചെൽസി പ്രതിരോധത്തിന് തല വേദന സൃഷ്ടിച്ചു. ഇതിനിടെ ചെൽസി ഗോളി കബലെറോയുടെ ഫൗളിന് ബ്രയ്ട്ടൻ പെനാൽറ്റി അർഹിച്ചെങ്കിലും റഫറി അനുവദിച്ചില്ല.
രണ്ടാം പകുതിയിൽ മാറ്റങ്ങൾ ഇല്ലാതെയാണ് ഇരു ടീമുകളും ഇറങ്ങിയത്. പക്ഷെ പിന്നീട് തലക്ക് പരിക്കേറ്റ ക്രിസ്റ്റിയൻസന് പകരം 58 ആം മിനുട്ടിൽ ഡേവിഡ് ലൂയിസ് കളത്തിൽ ഇറങ്ങി. 77 ആം മിനുട്ടിലാണ് ചെൽസിയുടെ മൂന്നാം ഗോൾ പിറന്നത്. ഈഡൻ ഹസാർഡാണ് ഗോൾ നേടിയത്. ഈ ഗോളോടെ ഈ സീസണിൽ ഹസാർഡിന്റെ ഗോൾ നേട്ടം 8 ആയി ഉയർന്നു. 89 ആം മിനുട്ടിൽ ചെൽസി നാലാം ഗോളും സ്വന്തമാക്കി. വില്ലിയന്റെ പകരക്കാരനായി ഇറങ്ങിയ മുസോണ്ട നൽകിയ മികച്ച പാസ്സ് ഗോളാക്കി വിക്ടർ മോസസാണ് ചെൽസിയുടെ ഗോൾ വേട്ട പൂർത്തിയാക്കിയത്. ജയത്തോടെ 50 പോയിന്റുള്ള ചെൽസി മൂന്നാം സ്ഥാനത്താണ്. 23 പോയിന്റുള്ള ബ്രയ്ട്ടൻ 16 ആം സ്ഥാനത്താണ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial