പുതുവർഷത്തിലെ ആദ്യ ജയം സ്വന്തമാക്കാൻ ചെൽസി ഇന്ന് സ്വന്തം മൈതാനത്തിറങ്ങും. ലീഗിലും കപ്പ് മത്സരങ്ങളിലുമായി തുടർച്ചയായ 3 സമനിലകൾ വഴങ്ങിയ ചെൽസിക്ക് ഇന്നത്തെ മത്സരത്തിൽ ജയം അനിവാര്യമാണ്. പ്രീമിയർ ലീഗിൽ ആദ്യ നാലിനായുള്ള പോരാട്ടം കൂടിവരുന്ന സാഹചര്യത്തിൽ ഇനി പോയിന്റ് നഷ്ടപ്പെടാൻ അവർകാവില്ല. പ്രതിരോധത്തിൽ കരുത്ത് പുലർത്തുമ്പോഴും ആക്രമണ നിര ഗോൾ കണ്ടെത്താനാവാതെ വിഷമിക്കുന്നതാണ് കോണ്ടേ നേരിടുന്ന പ്രധാന വെല്ലുവിളി. അവസാന 7 മത്സരങ്ങളിൽ ഒന്നിൽ മാത്രം വിജയിച്ച ലെസ്റ്ററിനും ഇന്നത്തെ മത്സരം നിർണായകമാണ്.
കാര്യമായ പരിക്ക് ഭീഷണി ഇല്ലാത്ത ചെൽസി ശക്തമായ ടീമിനെ തന്നെയാവും ഇന്നിറക്കുക. ഗോൾ കണ്ടെത്താൻ വിഷമിക്കുന്ന ടീമിലേക്ക് വില്ലിയൻ മടങ്ങിയെത്താൻ സാധ്യത കൂടുതലാണ്. ലെസ്റ്റർ നിരയിലേക്ക് ജാമി വാർഡി തിരിച്ചെത്തിയേക്കും. ഡാനി സിംപ്സൻ ഇന്ന് കളിക്കാൻ സാധ്യതയില്ല. കഴിഞ്ഞ സീസണിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ രണ്ടു തവണയും ജയം ചെൽസിക്ക് ഒപ്പമായിരുന്നു. നിലവിലെ ഫോമിൽ സാധ്യത ചെൽസിക്കാണെങ്കിലും മൊറാത്ത ഫോം വീണ്ടെടുക്കേണ്ടത് ചെൽസിയുടെ സാധ്യതകളിൽ നിർണായകമാണ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial