Picsart 23 07 07 23 14 33 471

We Just Call Him Legend.. നന്ദി അസ്പി

ഫുട്‌ബോളിനെ അധികം വീക്ഷിക്കാത്തവര്‍ക്ക് അസ്പിലിക്യൂറ്റ ആരാണ്? എന്താണ് എന്ന് അറിയാന്‍ സാധ്യതയില്ല. ഒരു അണ്ടര്‍റേറ്റഡ് പ്രതിരോധ താരമാണ് സ്‌പെയിനിന്റെ 33 കാരനായ അസ്പി എന്ന് പറയാം. ഒരു ചെല്‍സി ആരാധകന് 11 വര്‍ഷത്തിന് ശേഷം തങ്ങളുടെ ക്യാപ്റ്റന്‍ ക്ലബ് വിടുമ്പോള്‍ വാക്കുകള്‍ കൊണ്ട് യാത്ര നല്‍ക്കാന്‍ സാധിക്കില്ല. തങ്ങളുടെ കണ്ണില്‍ നിന്ന് ഒരു തുള്ളി കണ്ണുനീര് പൊടിയിച്ചായിരിക്കും ഓരോ ചെല്‍സി ആരാധകനും ക്യാപ്റ്റന്‍ അസ്പിക്ക് യാത്ര നല്‍ക്കുക.

2010 ല്‍ ഫ്രഞ്ച് ക്ലബ് മാര്‍സെയില്‍ നിന്ന് ചെല്‍സിയിലെത്തുമ്പോള്‍ അസ്പി എന്ന താരത്തെ കുറിച്ച് ഫുട്‌ബോള്‍ ആരാധകര്‍ക്ക് കേട്ടുകേള്‍വിപോലുമില്ലായിരുന്നു. എന്തിനാണ് ഇവിടെ എത്തിയത്, ചെല്‍സിക്കായി എന്താണ് ചെയ്യാന്‍ പോകുന്നത് എന്ന് ഒരോരുത്തരും ചിന്തിച്ചിരുന്നു. തുടര്‍ന്ന് അങ്ങോട്ട് 2023 വരെ നീണ്ട 11 വര്‍ഷം. അത് താരത്തിന്റെ കരിയര്‍ തന്നെ മാറ്റി മറിച്ചു. ബ്രസീല്‍ ഇതിഹാസം തിയാഗോ സില്‍വ കഴിഞ്ഞ വര്‍ഷം അസ്പിയെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ഇങ്ങനെയായിരുന്നു. ഞാന്‍ എട്ട് വര്‍ഷം പി.എസ്.ജി.യില്‍ കളിച്ചു. അതായിരിക്കും ഒരു താരത്തിന് ഒരു ക്ലബില്‍ കളിക്കാന്‍ സാധിക്കുന്ന ഏറ്റവും അധികം വര്‍ഷം എന്ന് ഞാന്‍ വിചാരിച്ചു. അസ്പി പത്ത് വര്‍ഷമായിരിക്കുന്നു. ഇത്തരം ഉദാഹരണങ്ങള്‍ നമ്മള്‍ പിന്തുടരേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നു. നിങ്ങള്‍ നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അതിന്റെ ഫലം ലഭിക്കും അസ്പി ഒരു അതുല്യനായ വ്യക്തിയാണ്. അസ്പി അന്റെ സുഹൃത്താണ് എന്ന് പറയുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഈ ഒരു വാക്കില്‍ നിന്ന് അസ്പി ആരാണ് ചെല്‍സിക്കെന്ന് മനസ്സിലാക്കാന്‍ സാധിക്കും.

ചെല്‍സിയിലെത്തിയ സമയത്ത് അസ്പിലിക്യൂറ്റ എന്ന പേര് ഉച്ചരിക്കാന്‍ ആരാധകര്‍ പ്രയാസപ്പെട്ടിരുന്നു ക്ലബ്ബ് ആരാധകര്‍ അദ്ദേഹത്തിന് ‘ഡേവ്’ എന്ന വിളിപ്പേര് നല്‍കി. ആരാധകര്‍ അസ്പിക്കായി We Just Call Him Dave എന്ന് ഉച്ചത്തില്‍ പാടി. 11 വര്‍ഷത്തിന് ശേഷം ആ പേര് ഇതിഹാസം എന്നായി മാറി. We Just Call Him Legend. ഇന്നും ചെല്‍സി സ്‌ക്വാഡിലെ യുവ താരങ്ങളുടെയും ആരാധനാ കഥാപാത്രമാണ് അസ്പി. പ്രൊഫഷണലിസത്തിന്റെ ഒറ്റ പേരാണ് അസ്പി അങ്ങനെയില്ലാതെ ചെല്‍സിയെ പോലുള്ള ഒരു ക്ലബില്‍ ഇത്രയും അധികം വര്‍ഷം ഒരു താരത്തിന് തുടരാന്‍ സാധിക്കില്ല. ആ പ്രൊഫഷണലിസമാണ് യുവതാരങ്ങളുടെ ആരാധന പിടിച്ചുപറ്റാന്‍ സഹായിച്ചത്.

2012 സെപ്റ്റംബര്‍ 25-ന്, ലീഗ് കപ്പില്‍ വോള്‍വര്‍ഹാംപ്ടണ്‍ വാണ്ടറേഴ്സിനെതിരെയാണ് ആസ്പിലിക്യൂറ്റ തന്റെ അരങ്ങേറ്റം കുറിച്ചത്. വലത് വിങ് ബാക്കിയിരുന്നു താരം ഇടത്ത് വിങ്ങ് ബാക്കായായിരുന്നു അരങ്ങേറ്റ മത്സരം കളിച്ചത്. പിന്നീട് വര്‍ഷങ്ങളോളം അതേ പൊസിഷനില്‍ തുടര്‍ന്നു. പലരും ക്ലബ് വിട്ടപ്പോള്‍ അസ്പി ക്ലബില്‍ തന്നെ തുടര്‍ന്നു. തന്റെ കരിയറില്‍ ക്ലബിനായി നേടാവുന്ന എല്ലാ കിരീടങ്ങളും നേടിയാണ് താരം മടങ്ങുന്നത്. രണ്ട് പ്രീമിയര്‍ ലീഗ്, ചാമ്പ്യന്‍സ് ലീഗ്, ഫിഫ ക്ലബ് ലോകകപ്പ്, സൂപ്പര്‍ കപ്പ്, രണ്ട് യു.ഇ.എഫ്.എ. യൂറോപാ ലീഗ്, എഫ്.എ. കപ്പ്, ലീഗ് വണ്‍ കപ്പ് എന്നിവയെല്ലാം താരം ചെല്‍സിക്കായി നേടിയിട്ടുണ്ട്.

നിങ്ങള്‍ എന്നെ ഡേവ് എന്ന് വിളിച്ചു. ഞാന്‍ അതിനെ ഹോം എന്ന് വിളിക്കും. ഇത് എന്റെ ഹോമാണ് ഞാന്‍ നിങ്ങളെ കാണാന്‍ തിരികെയെത്തും. ഞാന്‍ അഭിമാനിക്കുന്നു നമ്മുക്ക് ഈ ബന്ധം ഇനിയും തുടരേണ്ടതുണ്ട് അസ്പിയുടെ അവസാന വാക്കുകൾ ഇങ്ങനെയാണ്. മറ്റൊരു വേഷത്തിൽ ചെല്‍സിയിലെത്തട്ടെ എന്ന് ആശംസിക്കാം കാത്തിരിക്കാം.

Exit mobile version